മാന്ത്രിക വിരലുകളെന്ന് മോഹൻലാൽ; ഹൃദയം തകർന്നെന്ന് ദുൽഖർ

mohanlla-balu3
SHARE

വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറിന് ആദരാഞ്ജലികളുമായി മോഹൻലാൽ. വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ അനുശോചനം അറിയിച്ചത്.

ബാലഭാസ്ക്കറിന്റേയും മകളുടേയും മരണവാർത്ത ഹൃദയം തകർത്തെന്ന് ദുൽഖർ സൽമാൻ. ഇൗവാർത്തയിൽ നിന്ന് പുറത്തുകടക്കാനാകുന്നില്ല.  അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത് മറികടക്കാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെയെന്നും ദുൽഖർഫെയ്സ് ബുക്കിൽ കുറിച്ചു.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (40) ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ  ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നിവർ ആശുപത്രിയിൽ ചികിൽസയിലാണ്.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം സെപ്റ്റംബർ 25ന്  പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു. 

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23 നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിലൂടെ   സ്വതന്ത്ര സംഗീത സംവിധായകനായി വേഷമണിഞ്ഞ ബാലഭാസ്ക്കർ പിന്നീട് സിനിമകളില്‍ അത്ര സജീവമായില്ലെങ്കിലും ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്നു.

MORE IN KERALA
SHOW MORE