സെൻകുമാർ കേസിൽ സർക്കാരിന് തിരിച്ചടി; ഹർജി പരിഗണനക്ക് പോലുമെടുക്കാതെ സുപ്രീം കോടതി തള്ളി

senkumar-sc
SHARE

ടിപി സെൻകുമാറിനെ വിടാതെ പിന്തുടർന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതി തള്ളിയ കേസിൽ സെൻകുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളി. സർക്കാരിന് വേണ്ടി ഹാജരായതാകട്ടെ, വൻ വിലപിടിപ്പുള്ള മുതിർന്ന അഭിഭാഷകനും. 

ടി പി സെൻകുമാറിനെ മൽസരിച്ച് തോൽപിക്കുകയാണ് സർക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്ന് തോന്നും അദ്ദേഹത്തെ പിന്തുടർന്ന് പിടികൂടാനുള്ള പ്രയത്നം കണ്ടാൽ. സെൻകുമാർ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്. വൻതുക മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷൽ ലീവ് പെറ്റിഷൻ ഫയലിൽ സ്വീകരിക്കാൻ തന്നെ കോടതി തയ്യാറായില്ല. സർക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തിൽ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസിൽ പക്ഷെ ഒരുവർഷം തികയുംമുൻപെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലൻസ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാർണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്. 

ഇതൊന്നും പോരാതെയാണ് ഹൈക്കോടതി തള്ളിയ മറ്റൊരു കേസിൽ സർക്കാർ തന്നെ സുപ്രീം കോടതി വരെ പോയി ഇപ്പോൾ പരാജയം എറ്റുവാങ്ങിയത്. നേരത്തെ സെൻകുമാറിനെതിരെ കേസ് നടത്തിയ വകയിൽ അഭിഭാഷകർക്ക് നൽകാനുള്ള തുക മാത്രം 20 ലക്ഷം രൂപയിലേറെ കണക്കാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ വൈകിച്ച വകയിൽ പിന്നെയുമൊരു 25,000 കൂടി അന്ന് കയ്യിൽ നിന്നുപോയി. സർക്കാർ അഭിഭാഷകരെ ഒഴിവാക്കി ഇന്നലെ നിയോഗിച്ച അഡ്വക്കറ്റ് ഹരിൺ പി റാവലിന് നൽകാനുള്ള ലക്ഷങ്ങളും ഖജനാവിന്റെ നഷ്ടം തന്നെ. പ്രളയദുരന്തത്തിൽ നിന്ന് കരകയറാൻ സാധാരണക്കാരുടെ ശമ്പളവും ചോദിച്ചുവാങ്ങുന്ന ഘട്ടത്തിൽ പോലും ഈ ദുർവ്യയം തുടരുന്നു എന്നതാണ് ശ്രദ്ധേയം. 

MORE IN KERALA
SHOW MORE