ഫീസിളവോടെ എഞ്ചിനീയറിങ്ങ് പഠനം; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

engineering-college
SHARE

എന്‍ജിനീയറിങ് കോളജുകളില്‍ ഫീസിളവോടെ പഠിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രവേശനപരീക്ഷാകമ്മിഷണര്‍ പ്രസിദ്ധീകരിച്ചു. ഫീസിളവ് പദ്ധതി അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് കുറഞ്ഞഫീസില്‍ സാങ്കേതിക വിദ്യാഭ്യാസം നേടാന്‍ അവസരം നഷ്ടപ്പെടുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

വാര്‍ഷിക വരുമാനം നാലരലക്ഷം രൂപവരെയുള്ളവര്‍ക്ക് ഫീസിളവോടെ പഠിക്കാന്‍ All India Council for Technical education നാണ് പ്രത്യേക പദ്ധതി തയ്യാറാക്കിയത്‌. ഒരോകോളജിലും ഒാരോകോഴ്സിലും അ‍ഞ്ച് ശതമാനം സീറ്റ്  സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായിമാറ്റിവെക്കണം. ഇത് ചെയ്യുന്നതില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും സാങ്കേതികസര്‍വകലാശാലക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും വീഴ്ചപറ്റി. അതെതുടര്‍ന്ന് പതിനായിരത്തോളം കുട്ടികള്‍ക്ക് ഫീസിളവോടെ ബിടെക്ക്, എംടെക്ക് പഠനത്തിനുള്ള അവസരം നഷ്ടപ്പെട്ടു.2015 ല്‍ മാത്രമാണ് ഈ പദ്ധതി അനുസരിച്ച് ഏതാനും കോളജുകളില്‍ പ്രവേശനം നടന്നത്. 

2016 ലും 2017 ലും ഒരു വിദ്യാര്‍ഥിക്കുപോലും ഈ പദ്ധതി അനുസരിച്ച് ഫീസിളവോടെ പ്രവേശനം നല്‍കിയില്ല. ഇക്കാര്യം മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരികയായിരുന്നു. തുടര്‍ന്നാണ് 2017 ,2018 അധ്യയന വര്‍ഷത്തില്‍ ഫീസിളവിന് അര്‍ഹതയുള്ളവരുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചത്. ട്യൂഷന്‍ഫീസില്‍ നിന്ന് ഈ വിദ്യാര്‍ഥികളെ ഒഴിവാക്കാനും ഇത് വരെ അവര്‍ അടച്ച ഫീസ് തിരികെ നല്‍കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാലായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതോടെ ട്യൂഷന്‍ഫീസില്ലാതെ പഠിക്കാം. എല്ലാ സര്‍ക്കാര്‍ കോളജുകള്‍ക്കും സ്വാശ്രയ, എയ്ഡ്ഡ് കോളജുകള്‍ക്കും ഉത്തരവ് ബാധകമാണ്. 

MORE IN KERALA
SHOW MORE