സമരം വിലക്കാന്‍ ഇറങ്ങിയോര്‍ക്ക് അറിയുമോ മിഠായിത്തെരുവിന്‍റെ ഇന്നലെകള്‍..?

joy-mathew-mittayitheruve
SHARE

കോഴിക്കോട് മിഠായിത്തെരുവില്‍ നടന്നാലത് സമരമാകുമോ..?  പ്ളക്കാര്‍ഡുകള്‍  പിടിച്ചാല്‍  ക്രമസമാധാനപ്രശ്നമാകുമോ?  നിശ്ബദം നടന്നുപോകാന്‍  നഗരത്തിലെ  സുപ്രധാനത്തെരുവില്‍  വിലക്കുകളുണ്ടോ? ഉണ്ടെന്ന്  പൊലീസ്  പറയുന്നു.  വിലക്ക്   കലക്ടറുടേതാണെന്ന്  പൊലീസ്  നിലപാട്.  ജോയ് മാത്യുവും സംഘവും നടന്നത്  കൊച്ചിയിലെ കന്യാസ്ത്രീസമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു. എസ്.കെ പ്രതിമയ്ക്ക്  വലംതിരിഞ്ഞ്  കോര്‍ട്ട് റോഡും  ചുറ്റി ജോയിയും ഏതാനും പേരും നിശബ്ദമായി നടന്നു പോയത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. പൊലീസ്  കേസ്   രജിസ്റ്റര്‍  ചെയതത്   മൂന്നു ദിവസത്തിന് ശേഷം  ഞായാറാഴ്ച. കന്യാസ്ത്രീസമരം വിജയിച്ച് അവസാനിപ്പിക്കുന്നത് ശനിയാഴ്ച  ഉച്ചയ്ക്ക്. ഏതു  പൊലീസ്  നടപടിയുടെയും സമയവും   സാഹചര്യവും പ്രധാനമാണ്.  കൂട്ടിവായിക്കേണ്ടവര്‍ക്ക്  കൂട്ടിവായിക്കാം.  ചൊവ്വാഴ്ച  പൊലീസ്  സ്റ്റേഷനില്‍  ഹാജരാവാനായിരുന്നു  നോട്ടീസ്.  കേസും  പുലിവാലും വേണ്ട,  പിഴയടച്ച്  രക്ഷപെടാമെന്നായിരുന്നു  സ്റ്റേഷനില്‍  പൊലീസ് നിലപാട്.   സുവ്യക്തമായ  നിലപാടാണത്.  കേസ്  രാജിയാക്കാം,  പൊലീസിനെയും സര്‍ക്കാരിനെയും  പേടിക്കണം,  അത്രമാത്രം. 

ഏതു സമരവും ഒരു പ്രതിഷേധപ്രഖ്യാപനമാണ്.  നാലാളെ  അറിയിക്കാനുള്ള ശ്രമം.  നാലാള്‍  കൂടുന്നിടത്ത്  സമരങ്ങള്‍  പതിവാകുന്നതും  അതു കൊണ്ടാണ്.  കോഴിക്കോട് നഗരത്തില്‍  ജന്തര്‍ മന്തിറുകളില്ല.  സമരം  നടത്താന്‍  പ്രത്യേക വേദികളും അനുവദിച്ചിട്ടില്ല. സമരം നടത്താന്‍  അനുവാദമില്ലാത്ത  ഇടങ്ങളെക്കുറിച്ചാണിപ്പോള്‍ പറയുന്നത്.

ജോയിയും സംഘവും വായടച്ച്  പ്രതിഷേധിച്ച  എസ്.കെ  സ്ക്വയര്‍  പണ്ട് കിഡ്സണ്‍  കോര്‍ണറായിരുന്നു.  നഗരത്തിലെ ക്ഷുഭിതയൗവ്വനങ്ങള്‍  എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ സംഘം ചേരുമായിരുന്നു.  തെരുവ് നാടകങ്ങളും കോലം  കത്തിക്കലും പതിവായിരുന്നു.   പ്രതിഷേധങ്ങള്‍  സജീവമായിരുന്നു. ക്രമസമാധാനം  തകര്‍ന്നിട്ടുമുണ്ടായിരുന്നില്ല.  പ്രതിഷേധങ്ങളോട്  യോജിച്ചും യോജിക്കാതെയും  എസ്.കെയും തിക്കോടിയനും  പട്ടത്തുവിളയും  കെ ടിയുമെല്ലാം  വൈകുന്നേരങ്ങളില്‍ ഇവിടെ   ഓരം  ചേര്‍ന്ന്  നടന്നു പോകുമായിരുന്നു. 

മിഠായിത്തെരുവിനെ  പൈതൃകത്തെരുവാക്കാനിറങ്ങിയ  പുത്തന്‍കൂറ്റുകാര്‍  സമന്വയത്തിന്റെയും   പ്രതിഷേധത്തിന്റെയും   ഈ  പ്രൗഡമായ  പാരമ്പര്യത്തിന്മേലാണ് പൊലീസിനെ ഇറക്കിയിരിക്കുന്നത്.  സമരം മാത്രമല്ല പാട്ടും കവിതയും  നാടകവുമെല്ലാം  ഈ  തെരുവിലുണ്ടായിരുന്നു.  അപ്പുറം  മാനാഞ്ചിറമൈതാനത്ത്  സ്പോട്സുമുണ്ടായിരുന്നു.  ഇതെല്ലാം കൊട്ടിയടച്ചാണ് മിഠായിത്തെരുവ്  പൈതൃത്തെരുവാകുന്നത്. സാമൂഹ്യനിര്‍മിതിയുടെ  ജൈവാവസ്ഥകളെയല്ലാം  നിഷേധിക്കുക,  പരദേശികളെപോലും മോഹിപ്പിച്ച  ഒരു തെരുവിനെ അല്ലറ ചില്ലറ കച്ചവടകേന്ദ്രം  മാത്രമാക്കി  ചുരുക്കുക.  അങ്ങിനെയാണ് ഈ  തെരുവില്‍  പാടി  ജീവിച്ചു പോന്ന   ഈ  ഗായകസംഘത്തെയും പൊലീസ് പുറത്താക്കുന്നത്.  

പുറത്താക്കലല്ല, എല്ലാവരെയും അകത്തേക്കെടുക്കുന്ന  പാരമ്പര്യമായിരുന്നു കോഴിക്കോടിന്‍റേത്.  അങ്ങിനെയാണ്  കച്ചവടത്തിന്   കാപ്പാട്  കപ്പലിറങ്ങിയ  വാസ്കോഡി ഗാമയും  നാടു ഭരിക്കാന്‍  മാത്രം  വളര്‍ന്നത്.  

ജോയ് മാത്യു നടന്ന തെരുവില്‍  അദ്ദേഹത്തിന് ഒരു പുസ്തക പ്രസാധനശാലയുണ്ടായിരുന്നു, ബോധി ബുക്സ്. കേരളത്തിന്റെ  സാംസ്ക്കാരികചരിത്രത്തില്‍  ഈ  സ്ഥാപനത്തെ വായിച്ചെടുക്കാന്‍  ഏറെ ശ്രമപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ പിതാവും ഉപജീവനം  കഴിച്ചത്   ഈ  തെരുവിലാണ്.  എന്നുവെച്ചാല്‍  ജോയിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേതും  കൂടിയാണ്  മിഠായിത്തെരുവ്.  അദ്ദേഹത്തിന്റെ ആരൂഡത്തിന്റെ ഉമ്മറത്തുകൂടി  നടന്നുപോയതിനാണ് ഈ  കേസ്. പ്രശ്നം ജോയിയും സുഹൃത്തുക്കളും നിശബ്ദമായി നടന്നുപോയതല്ല, അദ്ദേഹം പിടിച്ച പ്ളക്കാര്‍ഡാണ്. പ്രതിഷേധങ്ങളൊന്നും  പാടില്ല, പ്രത്യേകിച്ച് ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് എതിരാകുമ്പോള്‍.  പൊലീസുണ്ടാകുമവിടെ, പീനല്‍  കോഡിന്റെ വകുപ്പുകളും പലതാകും. സന്ധി ചെയ്യാനാവാത്തവര്‍ക്ക്  സമരമാവാം.

MORE IN KERALA
SHOW MORE