ബാലഭാസ്കറിന്‍റെ അപകടത്തില്‍ നടുക്കം; പ്രിയപ്പെട്ടവനായി പ്രാര്‍ഥനകളോടെ സുഹൃത്‌‌ലോകം

bala-bhaskar
SHARE

ഞെട്ടലോടെയാണ് വയലനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനും അപകടം സംഭവിച്ച വാർത്ത കേരളം കേട്ടത്. ഈ  വാർത്ത കേട്ടതിന്‍റെ നടുക്കം രേഖപ്പെടുത്തി ബാലഭാസ്കറിന്റെ സുഹൃത്തുക്കളും. പലരും തങ്ങളുടെ ദുഃഖവും ബാലഭാസ്കറിനോടുള്ള സ്നേഹവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 'ദൈവം എപ്പോഴും താങ്കളെ സംരക്ഷിക്കട്ടെ' എന്നായിരുന്നു പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫൻ ദേവസ്സിയുടെ പ്രതികരണം

ഞെട്ടലോടെയാണു വാർത്ത കേട്ടതെന്ന് ചലച്ചിത്രതാരം മായാമേനോൻ ഫെയ്സ് ബുക്കിൽ കുറിച്ചു. അൽപം വൈകിയെത്തിയാലും ജീവനോടെ എത്തുക എന്നതാണു പ്രധാനം. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മായാ മേനോൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ശ്വേതാ മോഹൻ, അമൃത സുരേഷ്, ധന്യ രാജേന്ദ്രൻ തുടങ്ങി കലാരംഗത്തെ പ്രമുഖർ ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നതായി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഗീതജ്ഞന്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ട് മകള്‍ രണ്ടുവയസുകാരി തേജസ്വി ബാല മരിച്ചത്. ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജുനേയും പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്കറിനെ ഉച്ചയോടെ ശസ്ത്രക്രിയക്ക് വിധേയനാക്കും.

തൃശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷമിയും മകള്‍ തേജസ്വിയും. ഡ്രൈവര്‍ അര്‍ജുനാണ് കാറോടിച്ചിരുന്നത്. ദേശീയപാതയില്‍ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് നിയന്ത്രണം നഷ്ടമായ വാഹനം വഴിയരുകിലെ മരത്തില്‍ ഇടിച്ച് കയറി. പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാമെന്നാണ് കരുതുന്നത്. 

മുന്‍സീറ്റില്‍ ബാലഭാസ്കറിന്റെ മടിയിലായിരുന്നു കുട്ടിയിരുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാലഭാസ്കറിന് നട്ടെല്ലിന് ഗുരുതരപരുക്കും ശരീരത്തില്‍ ഒട്ടേറെ ഒടിവുകളുമുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ്. ലക്ഷ്മിയ്ക്കും അര്‍ജുനനും അരയ്ക്ക് കീഴ്പോട്ടാണ് പരുക്കുകളേറെയും. മൂവരും അപകടനില തരണം ചെയ്തിട്ടില്ല. 

MORE IN KERALA
SHOW MORE