സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്കനടപടി; വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

sr-lusy-nuns-protest
SHARE

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്ക് എതിരെയുള്ള അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. നടപടിയുമായി സഭ മുന്നോട്ടുപോയാല്‍ അതിശക്തമായ സമരപരമ്പരകള്‍ സംഘടിപ്പിക്കുമെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. സിസ്റ്റര്‍ ലൂസിക്കെതിരായ നടപടികള്‍ വേദനാജനകമാണെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ സഭ ക്രൂശിക്കുന്നത് എന്തിനാണെന്ന് കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ ചോദിച്ചു. പ്രതികാരനടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രതിഷേധിക്കുമോയെന്നു അപ്പോൾ തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ കുറവിലങ്ങാട്ട് വ്യക്തമാക്കി.

സിസ്റ്റർ ലൂസിക്കെതിരായ പ്രതികാര നടപടി പ്രതീക്ഷിച്ചതാണെന്നും സ്ത്രീപീഡകർക്ക് സംരക്ഷണം നൽകുന്ന കേന്ദ്രമല്ല സഭയെന്ന് ഓര്‍ക്കണമെന്നും സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദർ അഗസ്റ്റിൻ വട്ടോലി പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഒക്ടോബർ രണ്ടിന് ഹൈക്കോടതി ജങ്ഷനിൽ വനിതാ കൺവെൻഷൻ സംഘടിപ്പിക്കും.സഭാനേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്ന നടപടികൾ വേദനിപ്പിക്കുന്നുവെന്നു സമരത്തെ പിന്തുണച്ച സിസ്റ്റർ ടീന ജോസ് പ്രതികരിച്ചു. അനുസരണ വ്രതത്തിന്റെ പേരിൽ ഉള്ള അടിച്ചമർത്തൽ അംഗീകരിക്കില്ലെന്ന് സിസ്റ്റർ എമിൽഡയും വ്യക്തമാക്കി.

MORE IN KERALA
SHOW MORE