പ്രളയബാധ; കാലിത്തീറ്റക്ക് അനുവദിച്ച ഇളവ് ഒരു മാസത്തേക്ക് തുടരും

kerala-feeds
SHARE

പ്രളയബാധയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് പ്രഖ്യാപിച്ച സഹായങ്ങള്‍ ഒരു മാസത്തേക്ക് കൂടി നീട്ടും.  കേരള ഫീഡ്സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കാലിത്തീറ്റക്ക് അനുവദിച്ച ഇളവ് തുടരാനുള്ള സാധ്യത തേടുകയാണ് ക്ഷീരവികസനവകുപ്പ്.   

പ്രളയബാധിതസമയത്ത് കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ കേരള ഫീഡ്സ് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തിരുന്നു. ക്ഷീരവികസനവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തില്‍ പുല്ലും വയ്ക്കോലുമുള്‍പ്പെടെയുള്ള സഹായവുമെത്തിച്ചു. ഇതിന് പിന്നാലെയാണ് കേരള ഫീഡ്സ് വിതരണം ചെയ്ത കാലിത്തീറ്റക്കുള്ള വിലകുറച്ചത്. റിച്ച്, മിടുക്കി, എലൈറ്റ് ബ്രാന്‍ഡുകള്‍ക്കാണ് 100 രൂപ വീതം താഴ്ത്തിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കാണ് വിലക്കുറവ് ലഭിക്കുന്നത്. ഈമാസം മുപ്പത് വരെ സഹായം നല്‍കുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സഹായം നീട്ടുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. 

അതേസമയം സൗജന്യ കാലിത്തീറ്റ വിതരണത്തെത്തുടര്‍ന്ന് കേരള ഫീഡ്സിനുണ്ടായ നഷ്ടം സര്‍ക്കാര്‍ പരിഹരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ക്ഷീരവികസനവകുപ്പ് രേഖാമൂലം ആവശ്യപ്പെടും. നഷ്ടപ്പെട്ടതിന് പകരം പശുവിനെ വാങ്ങുന്നതിനും തൊഴുത്തുള്‍പ്പെടെ നിര്‍മിക്കുന്നതിനുള്ള സഹായവും അടിയന്തരമായി കര്‍ഷകര്‍ക്ക് കിട്ടേണ്ടതുണ്ട്. ക്ഷീരമേഖലയുടെ മടങ്ങിവരവിന് വേണ്ട മുഴുവന്‍ സഹായവും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

MORE IN KERALA
SHOW MORE