ഉദ്വേഗങ്ങള്‍ക്കിടെയും കൂസലില്ലാതെ; നടപടികളുടെ നെട്ടോട്ടത്തിലും ചിരി വിടാതെ ഫ്രാങ്കോ

franco-smile
SHARE

എപ്പോഴും മുഖത്ത് ചിരിയുടെ മേലാട. ചോദ്യംചെയ്യല്‍ മുതല്‍ അറസ്റ്റ് വരെ നീണ്ട ഉദ്വേഗങ്ങള്‍ക്കിടെ ഉടനീളം ചെറുചിരി മായാത്ത മുഖഭാവമായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടേത്. ആശങ്കകളുടെയും അഭ്യൂഹങ്ങളുടെയും നിമിഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഒടുവിൽ എട്ടുമണി അടിച്ചതോടെ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പിന്നീട് മാധ്യമങ്ങളും ജനങ്ങളും കാത്ത് നിന്നത് ബിഷപ്പിനെ കാണാൻ. വൈകിട്ട് അഞ്ചരയോടെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കായി എത്തിക്കുമെന്നായി സൂചനകൾ പുറത്തുവന്നതോടെ അവിടെയും ആളുകൾ കൂടി. പിന്നീടും മണിക്കൂറുകൾ കടന്നുപോയി.  രേഖകൾ ശരിയാക്കാനും നിയമോപദേശം തേടാനും സമയം വേണ്ടിവന്നതാണ് അറസ്റ്റ് വൈകിച്ചതെന്ന് എസ്പി വിശദീകരിച്ചു. ഒടുവിൽ രാത്രി 8ന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. 

ഒൻപതുമണിയോടെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി. എന്നാൽ കാത്തിരുന്നവരെയെല്ലാം അമ്പരപ്പിച്ചത് ഫ്രാങ്കോയുടെ മുഖത്ത് വിരി​ഞ്ഞ ചിരിയായിരുന്നു. സദാ ഒരു മന്ദഹാസത്തോടെയാണ് മാധ്യമങ്ങളുടെയും കൂവി വിളിക്കുന്ന ആളുകളുടെ നടുവിേലക്ക് ഇറങ്ങിയെത്തിയത്. ഒരിക്കൽ പോലും ആ മുഖത്ത് നിന്ന് ചിരി മാഞ്ഞില്ല എന്നതും ശ്രദ്ധേയം. പലപ്പോഴും പൊലീസുകാരെയും അമ്പരപ്പിച്ചു ഈ കൂലലില്ലാത്ത ഭാവം.

വന്നപ്പോഴേ ചോദിച്ചു, ‘എപ്പോഴാ പോകുക’

ഇന്നലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യംചെയ്യലിനു ഹാജരായത് അറസ്റ്റ് ഉറപ്പിച്ചുതന്നെ. ‘‘നമ്മൾ എപ്പോഴാ പോകുക’’– 10.30നു ചോദ്യംചെയ്യൽ മുറിയിൽ എത്തിയപ്പോൾ ചോദിച്ചതിങ്ങനെ. വ്യാഴാഴ്ച മടങ്ങുമ്പോൾ തന്നെ അറസ്റ്റ് സംബന്ധിച്ചു സൂചന ലഭിച്ചതനുസരിച്ചു ബന്ധുക്കളോടും ജലന്തറിലെ അഭിഭാഷകരോടും വിവരം പറഞ്ഞു. ഇന്നലെ ചോദ്യംചെയ്യൽ പുരോഗമിക്കവേ അദ്ദേഹം സ്ഥാനവസ്ത്രങ്ങൾ മാറ്റി ജുബ്ബയും പാന്റ്സും ധരിച്ചു. മാലയും മോതിരവും ഊരിമാറ്റി. 

അറസ്റ്റിലേക്ക് നയിച്ച തെളിവുകള്‍

* കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം.

* ചങ്ങനാശേരി കോടതിയില്‍ അവര്‍ നല്‍കിയ രഹസ്യമൊഴി. 13 വട്ടം പീഡനം നടന്നതു സംബന്ധിച്ചു തീയതിയും സ്ഥലവും ഉള്‍പ്പെടെ നല്‍കിയ വിവരങ്ങള്‍. 

* കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ് ഒപ്പമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍; ഇതു സംബന്ധിച്ച രേഖകള്‍. ബിഷപ് കന്യാസ്ത്രീക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ്. 

* കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും കൊടുത്ത മൊഴി. 

* ജലന്തര്‍ രൂപതയുടെ അച്ചടക്കനടപടിക്കും മാസങ്ങള്‍ക്കു മുന്‍പ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയില്‍ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. 

* ആ ദിവസം അവര്‍ എത്തിയിരുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം. (അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം.

തെളിവുകള്‍ ശക്തം: എസ്പി

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്പി ഹരിശങ്കര്‍ പറഞ്ഞത്:

ബിഷപ്പിനെതിരെ ലഭിച്ച തെളിവുകള്‍ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. കുറ്റം സമ്മതിച്ചിട്ടുണ്ടോയെന്നു പറയാന്‍ കഴിയില്ലെങ്കിലും ലഭിച്ച ഒട്ടേറെ തെളിവുകള്‍ കുറ്റം ബോധ്യപ്പെടുന്ന തരത്തിലുള്ളവയാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബിഷപ്പിന്റെ ആരോപണം തെറ്റാണെന്നു വ്യാഴാഴ്ച തന്നെ വ്യക്തമായിരുന്നു. കേസില്‍ ബിഷപ്പിനെ സഹായിച്ചവരെയും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചവരെയും പിടികൂടും.

MORE IN KERALA
SHOW MORE