കേരളത്തിലെത്തിയതുമുതല്‍ അജ്ഞാതകേന്ദ്രത്തില്‍; ഒളിച്ചുകളികള്‍ക്കൊടുവിൽ കുരുക്ക് വീണു

bishop-franco
SHARE

മുഴുനീള നാടകീയതകള്‍ക്കും ഒളിച്ചുകളികള്‍ക്കുമൊടുവിലാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനുമേല്‍ നിയമത്തിന്റെ കുരുക്ക് വീണത് . കേരളത്തിലെത്തിയതുമുതല്‍ അജ്ഞാതകേന്ദ്രത്തില്‍ ഒളിച്ചുകഴിഞ്ഞ ബിഷഷപ്പ് തൃപ്പൂണിത്തുറയില ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്തിയപ്പോള്‍ മാത്രമാണ് ക്യാമറകണ്ണുകളില്‍ കുരുങ്ങിയതും. 

ചോദ്യം ചെയ്യല്‍ നോട്ടീസ് കിട്ടിയപ്പോള്‍ ജലന്ധറില്‍ മുങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍  പിന്നീട് പൊങ്ങിയത് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തല്‍. ഏറ്റവും അടുപ്പക്കാരെ മാത്രം ഒപ്പം കൂട്ടി ഡല്‍ഹിയിലെത്തിയ അദ്ദേഹം കേരളത്തിന് പുറത്ത് വിമാനമിറങ്ങിയശേഷമാണ് തൃശൂരിലെത്തിയത്. സഹോദരന്റെ വീടുണ്ടായിട്ടും ആളുകള്‍ തിരക്കിയെത്തുമെന്ന് മനസിലാക്കി രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞു. ഇതിനിടെ ആഡംബരവാഹനമൊഴിവാക്കി കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടുമടങ്ങി . ചോദ്യംചെയ്യലിനായി ആദ്യമെത്തിയ ബുധനാഴ്ചയും ഒളിച്ചുകളി ആവര്‍ത്തിച്ചു.

എല്ലാവരും സഹോദരനിലും അദ്ദേഹം സഞ്ചരിക്കുന്ന വാഹനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ ഒരുസാധാരണകാറില്‍ എല്ലാവരുടെയു കണ്ണുവെട്ടിച്ച് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്നാലെ എത്താതിരിക്കാന്‍ പൊലീസും സഹായിച്ചു. എങ്കിലും കൊച്ചിയിലെ ആഡംബരഹോട്ടലില്‍  കാര്‍ കണ്ടെത്തി. ഹോട്ടലില്‍  അദ്ദേഹം താമസിക്കുന്ന മുറിയുള്‍പ്പെടുന്ന  നിലയിലേക്ക്  തന്നെ  ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല . ഇന്നലെ രാവിലെ ഹോട്ടലിലും നാടകീയമായ നീക്കങ്ങളാണ് നടന്നത്.

ഇന്നലെ ഫ്രാങ്കോ മുളയ്ക്കല്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റ് രണ്ട് വൈദികരെ കയറ്റി മാധ്യമശ്രദ്ധ തിരിച്ച്  മറ്റൊരുകാറില്‍ അദ്ദേഹത്തെ  ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇന്നും അതേ തന്ത്രം ആവര്‍ത്തിച്ചു  ഇന്നലെ  സഞ്ചരിച്ച  കാര്‍  ഹോട്ടലിന്  മുന്നില്‍ പാര്‍ക്ക് ചെയ്ത്  ശ്രദ്ധതിരിച്ചശേഷം ആദ്യദിവസം സഞ്ചരിച്ച കാറില്‍ ഹോട്ടല്‍ പാര‍്ക്കിങില്‍ നിന്ന്  അദ്ദേഹത്തെ കയറ്റി. പ്രവേശന കവാടത്തിലൂടെ പുറത്തെത്തിച്ച് വണ്‍വേ തെറ്റിച്ചാണ് വാഹനം ഇന്ന് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് പാഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷിതമാര്‍ഗമൊരുക്കാന്‍ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവുമുണ്ടായിരുന്നു.

MORE IN KERALA
SHOW MORE