പുതിയ കെപിസിസി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളികളേറെ

Mullappally-rahul
New Delhi 2017 December 16:
SHARE

ലോക്സഭ തിര‍ഞ്ഞെടുപ്പിനൊരുങ്ങുന്ന പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തുകയാണ് പുതിയ കെ.പി.സി.സി നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഗ്രൂപ്പ് നേതൃത്വങ്ങളിലും വ്യക്തികളിലും ഒതുങ്ങി നിന്നിരുന്ന പാര്‍ട്ടിയിലേക്ക് ഹൈക്കമാന്‍ഡ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പുതിയ നേതൃത്വത്തെ കൊണ്ടുവരുന്നത്  

മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.െഎ ഷാനവാസ്. പാര്‍ട്ടി നേതൃത്വത്തിലെത്തുന്ന മൂന്നുപേരും ഏറെനാളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങളോട് സമരസപ്പെടുകയാണ്  മൂവരുടേയും മുന്നിലുള്ള  ആദ്യ വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെ കൊണ്ടുവരണം. മുന്നണി ശക്തിപ്പെടുത്തണം. 

ഇതിനെല്ലാം പുറമെ ഗ്രൂപ്പ് പോരില്ലാതെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കണം. ഒരു ഗ്രൂപ്പിന്റേയും ലേബലില്ലാത്ത മുല്ലപ്പള്ളിക്ക് ഗ്രൂപ്പ് സമര്‍ദങ്ങളെ അതിജീവിക്കുക കഠിനമാകും. ഒപ്പം കെ.സുധാകരന്റ കര്‍ക്കശനിലപാടുകളേയും. ജാതിസമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചതെന്ന് വ്യക്തം.

വര്‍ക്കിങ് പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് വി.ഡി സതീശന്റ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും വര്‍ക്കിങ് പ്രസിഡന്റാകാന്‍ ഇല്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എം.പിമാരായ മൂന്നുപേര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതോടെ ലോക്സഭ സ്ഥാനാര്‍ഥിയായി മറ്റ്  പേരുകള്‍ കണ്ടെത്തേണ്ടി വരും. ദുര്‍ബലമായ യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയെന്ന ശ്രമകരമായ ജോലിയാണ് ബെന്നി ബഹനാനുള്ളത്.  സര്‍ക്കാരിനെതിരായ വികാരം പ്രയോജനപ്പെടുത്താന്‍ മുന്നണിക്ക് കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെ പ്രതീക്ഷയോടെയാണ് അണികളും പുതിയ നേതൃത്വത്തെ കാണുന്നത്.

MORE IN KERALA
SHOW MORE