പമ്പയിലെ മാലിന്യം: ദേവസ്വവുമായുള്ള തര്‍ക്കംതീര്‍ക്കാന്‍ ഇടപെട്ട് വനംമന്ത്രി

pampa-waste
SHARE

പ്രളയത്തിനു ശേഷമുള്ള പമ്പയിലെ മാലിന്യനിക്ഷേപം സംബന്ധിച്ച് ദേവസ്വവും വനംവകുപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ വനംമന്ത്രിയുടെ ഇടപെടല്‍. മണലും അവശിഷ്ടങ്ങളും നിക്ഷേപിക്കാന്‍ വനംവകുപ്പ് സ്ഥലം നിര്‍ദേശിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. പമ്പയുടെ പുനരുദ്ധാരണത്തിന്‌ വനംവകുപ്പിന്റെ നിസ്സഹകരണത്തില്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചിരുന്നു.

പ്രളയത്തെ തുടര്‍ന്ന്  പമ്പയില്‍ അടിഞ്ഞ്കൂടിയ മണ്ണും  തടിയും കെട്ടിട അവശിഷ്ടങ്ങളും നിലവില്‍ പമ്പ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് അഭിമുഖമായുള്ള ചക്കുപാലത്തിലാണ് നിക്ഷേപിക്കുന്നത്. ഈ സ്ഥലം പൂര്‍ണമായി ദേവസ്വത്തിന്റെ അധീനതയിലല്ല.  ഇനിയും ആയിരക്കണക്കിന് ടണ്‍ മാലിന്യം  നീക്കണമെന്നിരിക്കെയാണ്, ഇവ നിക്ഷേപിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് വനംവകുപ്പിനെ സമീപിച്ചത്. എന്നാല്‍ നടപടി ഉണ്ടായില്ല.

ദേവസ്വം ബോര്‍ഡ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ വനം വകുപ്പ് മന്ത്രി കെ രാജു പമ്പ സന്ദര്‍ശിച്ചു. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം നിര്‍ദേശിക്കുമെന്നും  പമ്പയുടെ പുനരുദ്ധാരണത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും വനം മന്ത്രി പറഞ്ഞു.

പമ്പ ഹില്‍ടോപ്പില്‍ നിന്ന് പുതിയ പാലം നിര്‍മിക്കുന്നതിനാണ് നിലവിലെ തീരുമാനം. എന്നാല്‍ പാലത്തിലേക്കുള്ള വഴി തെളിക്കുന്നതിന് വനം വകുപ്പിന്റെ മാനദണ്ഡങ്ങള്‍ തടസമാകും.  പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞ മരങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ചും ദേവസ്വം വകുപ്പും വനംവകുപ്പും  തര്‍ക്കത്തിലായിരുന്നു.

MORE IN KERALA
SHOW MORE