കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതൽ; നടപടിയുമായി ആരോഗ്യ വകുപ്പ്

well-coliform-bacteria
SHARE

ആലപ്പുഴ ജില്ലയിലെ പ്രളയബാധിത മേഖലകളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് കണ്ടെത്തല്‍ . വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്. കിണറുകളില്‍ വീണ്ടും ക്ലോറിനേഷന്‍ നടത്താനും ആവശ്യമായ മുന്‍കരുതലെടുക്കാനും  നടപടി തുടങ്ങി.

പ്രളയം രൂക്ഷമായിരുന്ന ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, കോട്ടയം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍നിന്ന് കഴിഞ്ഞ എട്ടാംതീയതി കിണറുകളിലെ കുടിവെള്ളത്തിന്‍റെ സാംപിള്‍ ശേഖരിച്ചിരുന്നു. പ്രളയത്തിനുശേഷം അണുനശീകരണം നടത്തിയ കിണറുകളിലെ വെള്ളത്തിന്‍റെ ഗുണനിലവാരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നഗരസഭ, തലവടി പഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്ന് രണ്ടായിരത്തിലധികം സാംപിളുകളാണ് ശേഖരിച്ചത്. ഇതില്‍ ആയിരത്തിയഞ്ഞൂറോളമെണ്ണമാണ് പരിശോധിച്ചത്. പരിശോധിച്ചതില്‍ തൊണ്ണൂറ് ശതമാനത്തിലധികം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കിണറുകളിലിടുന്നതിന് ക്ലോറിന് ഗുളികള്‍ ഹരിതകേരള മിഷന്‍ അടിയന്തിരമായി വിതരണം ചെയ്തിട്ടുണ്ട്.

അന്തിമ പരിശോധനാഫലം വരുന്നതിന് കാത്തുനില്‍ക്കാതെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളടക്കം ആരോഗ്യവകുപ്പും ആരംഭിച്ചി‌ട്ടുണ്ട്. അതേസമയം അടുത്തദിവസങ്ങളില്‍തന്നെ ആറ് ജില്ലകളിലെയും പരിശോധന പൂര്‍ത്തിയാകുമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അറിയിച്ചു.

MORE IN KERALA
SHOW MORE