ശബരിമലയിൽ കെ.എസ്.ആർ.ടി.സിയുടെ ചൂഷണം അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ്

ksrtc
SHARE

ശബരിമല തീർത്ഥാടകരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോർഡ്. തീർഥാടകരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ പറഞ്ഞു. ആവശ്യമെങ്കിൽ സ്വന്തം നിലക്ക് സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലക്കൽ നിന്ന് പമ്പ വരെയുള്ള യാത്രയ്ക്ക് ഒൻപത് രൂപയാണ് കെ.എസ്.ആർ.ടി.സി വർധിപ്പിച്ചത്. ഇന്നലെ രാവിലെ  10വരെ 31 രൂപ ഈടാക്കിയ കെ.എസ്.ആർ.ടി.സി ഒരു മുന്നറിയിപ്പുമില്ലാതെ 40 രൂപയാക്കി ഉയർത്തുകയായിരുന്നു.  പ്ലാപ്പള്ളിയിൽ നിന്നുള്ള നിരക്കെന്നാണ് ടിക്കറ്റിൽ രേഖപെടുത്തിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നഷ്ടം നികത്താൻ ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

50 ബസ്സുകളാണ് കന്നിമാസ പൂ‍ജാ ദിവസങ്ങളിൽ നിലക്കൽ - പമ്പ സർവ്വീസ് നടത്തുന്നത്. ലോ ഫ്ലോർ , ഏസി ബസുകളിലും ആനുപാതികമായി നിരക്ക് കെ.എസ്.ആർ.ടിസി വർധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്തെ കച്ചവടക്കാർ അമിത വില ഈടാക്കിയാൽ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

MORE IN KERALA
SHOW MORE