ബിഷപ് ഫ്രാങ്കോ മാര്‍പാപ്പയ്ക്ക് കത്തയച്ചു; സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യം

bishop-franco-and-pope
SHARE

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ വത്തിക്കാന്റെ ഇടപെടലുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ പ്രതിരോധവുമായി ജലന്തര്‍ രൂപത. രൂപതയുടെ സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ സമയം അവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിഷപ് ഹൈക്കോടതിയെ സമീപിച്ചേക്കും.

പുരോഹിതര്‍ ഉള്‍പ്പെട്ട ലൈംഗിക അതിക്രമക്കേസുകളില്‍ ശക്തമായ നടപടിയെടുക്കുമെന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടേയും വത്തിക്കാന്റെയും നിലപാട്.  കന്യാസ്ത്രീയുടെ പീഡനപരാതിയിലും നടപടിയുണ്ടാകുമെന്ന സൂചനകള്‍ക്കിടയിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്തയച്ചത്. കേസില്‍ ബിഷപ്പിന്റെ നിരപരാധിത്വം സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ കേസില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം അറസ്റ്റുണ്ടാകുമെന്ന സൂചന ശക്തമായതോടെ ബിഷപ് മുന്‍കൂര്‍ജാമ്യം തേടുമെന്നും സൂചനയുണ്ട്. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിജയഭാനു വഴി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നും അന്വേഷണവുമായി സഹകരിക്കുനുണ്ടെന്നും ചൂണ്ടാക്കാട്ടിയാകും മുന്‍കൂര്‍ ജാമ്യം തേടുക. ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ് ഇതിനൊടകംതന്നെ കേരളത്തിലെത്തിയെന്ന പ്രചരണം ജലന്തര്‍ രൂപത വ്യത്തങ്ങളും തള്ളി.

MORE IN KERALA
SHOW MORE