മൂന്നാറിലെ മലനിരകളില്‍ വീണ്ടും നീലക്കുറി‍ഞ്ഞിക്കാലം

neelakurinji
SHARE

മഴമാറി മാനം തെളിഞ്ഞതോടെ മൂന്നാറിലെ  മലനിരകളില്‍ നീലക്കുറി‍ഞ്ഞിക്കാലം സജീവമാകുന്നു. 12 വര്‍ഷത്തിലൊരിക്കലെത്തുന്ന  നീലവസന്തം ഒരാഴ്ച്ചകൂടി പിന്നിട്ടാല്‍ കൂടുതല്‍ മനോഹരിയാകും. .നീല വിത്തുകൾ മണ്ണിലൊളിപ്പിച്ച് വ്യാഴവട്ടത്തിന്റെ ഇടവേളകളിൽ മാത്രം മിഴി തുറക്കുന്ന, സ്ട്രൊബിലാന്തസ് കുന്ത്യാനസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്നതാണ് നീലക്കുറിഞ്ഞികൾ.

അക്കാന്തേസ്യാ സസ്യകുടുംബത്തിൽ പെട്ട കുറിഞ്ഞിക്ക് ഏഷ്യയിൽ മുന്നൂറിൽപരം വകഭേദങ്ങൾ ഉള്ളതായാണ് സസ്യ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ട  മലനിരകളെ ലോക പൈതൃക പദവിയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കുറിഞ്ഞി വർഗത്തിന്റെ 40 ഇനങ്ങൾ മൂന്നാറിലുണ്ട്. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന സ്ട്രൊബിലാന്തസ് സെസിലിസ് മുതൽ 16 വർഷ ഇടവേളകളിൽ മാത്രം പൂവിടുന്ന ചോലക്കുറിഞ്ഞി വരെ ഇതിൽപ്പെടും. എന്നാൽ ഭൂരിഭാഗം ഇനങ്ങളുടെയും പൂവിടൽ കാലം ഒരു വ്യാഴവട്ടമാണ്. 

ഋതുഭേദങ്ങളുമായി ഈ സസ്യ കുടുംബത്തിന് ബന്ധമില്ലെന്നതിനാൽ കൃത്യമായ ഇടവേളകളായിരിക്കും ഇവയുടെ കാലചക്രത്തിന്. ഒരിക്കൽ മാത്രം പുഷ്പിക്കുകയും വിത്തുൽപാദനം പൂർത്തിയാക്കി സ്വയംനാശത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നതാണ് കുറിഞ്ഞികളുടെ ജീവിതഘട്ടം. ഒന്നര മുതൽ 10 അടി വരെ ഉയരത്തിൽ കുറ്റിയായി വളരുന്നവയാണു കുറിഞ്ഞി ഇനങ്ങളിൽ പലതും.  

നീലക്കുറിഞ്ഞികൾ കൂടുതലായും പൂവിടുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണെന്നാണു വനം വകുപ്പിന്റെ റിപ്പോർട്ട്.  97 ചതുരശ്ര കിലോമീറ്ററാണു ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തൃതി.  നീലക്കുറിഞ്ഞികളുടെ സുന്ദര കാഴ്ച ഏറെയും രാജമലയിലാണ്.  നീലക്കുറിഞ്ഞികൾ പരവതാനി വിരിക്കുന്ന അപൂർവ കാഴ്ചയാണു ആഴ്ച്ചകള്‍ക്കുള്ളില്‍ രാജമല സാക്ഷ്യം വഹിക്കുക.   വട്ടവട, കൊട്ടാക്കമ്പൂർ, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒറ്റയ്ക്കും തെറ്റിയും നീലക്കുറിഞ്ഞികൾ പൂവിട്ടു.

നീലക്കുറിഞ്ഞി സീസണിൽ രാജമലയിലേക്ക് പ്രവേശനത്തിന് 75 ശതമാനം ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് . പ്രതിദിനം 3500 പേർക്കാണ് രാജമലയിലേക്കു പ്രവേശനം അനുവദിക്കുക.നിലവിൽ  2150 പേർക്കാണ് രാജമലയിൽ പ്രതിദിനം പ്രവേശനം നൽകുന്നത്.രാവിലെ ഏഴു മുതൽ വൈകിട്ടു നാലു വരെയാണ് ഇവിടെ  പ്രവേശനം. മുതിർന്നവർക്ക് 120 കുട്ടികൾക്ക് 90 എന്നിങ്ങനെയാണ് ഓൺലൈൻ ടിക്കറ്റിന്റെ നിരക്ക്.നവംബർ 15 വരെ തെക്കിന്റെ കശ്മീരിൽ വയലറ്റ് വസന്തം നീണ്ടു നിന്നേക്കും.  2006 ഓഗസ്റ്റ് ആദ്യ വാരത്തിലാണു ഏറ്റവും ഒടുവിലായി മൂന്നാറിൽ നീലക്കുറിഞ്ഞികൾ പൂവിട്ടത്.

MORE IN KERALA
SHOW MORE