പ്രളയക്കെടുതിയിൽപ്പെട്ട ക്ഷീരകര്‍ഷകരുടെ തീരാദുരിതത്തിന് സര്‍ക്കാര്‍ അലംഭാവവും കാരണം

farm-minister
SHARE

പ്രളയക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകരുടെ തീരാദുരിതത്തിന് സര്‍ക്കാര്‍ അലംഭാവവും കാരണം. മൃഗസംരക്ഷണവകുപ്പ് ഈവര്‍ഷമാദ്യം ക്ഷീരകര്‍ഷകര്‍ക്കായി തുടങ്ങുമെന്ന് അറിയിച്ചിരുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ധനവകുപ്പ് അകാരണമായി വൈകിപ്പിച്ചു. നിലവില്‍ പദ്ധതിക്ക് തടസങ്ങളുണ്ടെന്നും എന്ന് തുടങ്ങാന്‍ കഴിയുമെന്നറിയില്ലെന്നും മന്ത്രി കെ.രാജു മനോരമ ന്യൂസിനോട് പറഞ്ഞു. 

ക്ഷീരകര്‍ഷകരെയും കുടുംബാംഗങ്ങളെയും കന്നുകാലികളെയും പൂര്‍ണമായും പദ്ധതിയുെട ഭാഗമാക്കും. ആദ്യഘട്ടത്തില്‍ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം. രണ്ട് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തും. ഈ പ്രഖ്യാപനമാണ് ധനവകുപ്പിന്റെ മെല്ലെപ്പോക്കില്‍ മുടങ്ങിയത്.പദ്ധതി എന്ന് നടപ്പാകുമെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരുമായി നേരത്തെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണ്. പക്ഷേ നിലവില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്. മറ്റ് പല കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കേണ്ടതിനാല്‍ പണം വകമാറ്റി ചെലവഴിക്കാനാണ് കിട്ടിയിരിക്കുന്ന നിര്‍ദേശമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് വഴി പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. പ്രീമിയത്തിന്റെ പത്ത് ശതമാനമായ നാലായിരത്തി അ‍ഞ്ഞൂറ് രൂപ ക്ഷീരവികസനവകുപ്പും മില്‍മയും ചേര്‍ന്ന് കണ്ടെത്തും. മില്‍മ വിഹിതം നല്‍കാന്‍ തയാറായിരുന്നുവെങ്കിലും  പണമില്ലെന്നറിയിച്ച് സര്‍ക്കാര്‍ പിന്‍മാറി. പ്രളയക്കെടുതില്‍ വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ക്ഷീരമേഖല പൂര്‍ണമായും തകര്‍ന്നു. പദ്ധതി പ്രാബല്യത്തിലായിരുന്നുവെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരത്തിനൊപ്പം നഷ്ടപ്പെട്ടതെല്ലാം ക്ഷീരകര്‍ഷകര്‍ക്ക് വേഗത്തില്‍ തിരിച്ചുപിടിക്കാനും കഴിഞ്ഞേനെ. സര്‍ക്കാര്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് പല കര്‍ഷകരും സ്വന്തം നിലയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചേരാത്തതും പ്രതിസന്ധിയായി. കനത്ത നഷ്ടം ഭയന്ന് പ്രളയക്കെടുതിക്ക് ശേഷം പദ്ധതി ഏറ്റെടുക്കാന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി പോലും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

MORE IN KERALA
SHOW MORE