പുത്തന്‍ കുതിപ്പുമായി കൊച്ചി മെട്രോ; പങ്കാളിയാകാന്‍ കേന്ദ്രസര്‍ക്കാര്‍

kochi-metro
SHARE

വികസനത്തില്‍ പുതിയ നാഴികകല്ലുറപ്പിച്ച് കൊച്ചി മെട്രോയുടെ കുതിപ്പ്.  പേട്ടമുതല്‍ തൃപ്പൂണിത്തുറവരെയുള്ള റീച്ചിലും തൃപ്പൂണിത്തുറ റയില്‍വേസ്റ്റേഷനും ബസ് സ്റ്റാന്‍ഡും ബന്ധിപ്പിച്ചുള്ള മെട്രോ ഹബ്ബും ഉള്‍പ്പെടുന്ന നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചു. അതെസമയം മെട്രോയെ ലാഭകരമാക്കാന്‍ ഉദ്ദേശിച്ചുള്ള കാക്കനാട്ടെ ബിസിനസ് സിറ്റിക്കായുള്ള സ്ഥലവും കെ.എം.ആര്‍.എല്ലിന് കൈമാറി.

ആയിരത്തിമുന്നൂറ്റി മുപ്പതുകോടിരൂപ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന പേട്ടമുതല്‍ തൃപ്പൂണിത്തുറവരെയുള്ള റീച്ചിന്റെ നിര്‍മാണത്തില്‍ പതിനഞ്ചുശതമാനം  ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കാമെന്നാണ് ഏകദേശ ധാരണ. തൃപ്പൂണിത്തുറ റയില്‍വേസ്റ്റേഷനും ബസ് സ്റ്റാന്‍ഡും മെട്രോയും ബന്ധിപ്പിച്ചുള്ള ഹബ്ബായി തൃപ്പൂണിത്തുറയെ മാറ്റുകയാണ് ലക്ഷ്യം.  ഡിസംബറില്‍ തൃപ്പൂണിത്തുറ റീച്ചിന്റെ ശിലാസ്ഥാപനം നടക്കും.

ഏറെ പ്രതീക്ഷയുള്ള കാക്കനാട്ടെ മെട്രോ ബിസിനസ് സിറ്റിക്കായുള്ള സ്ഥലം കെ.എം.ആര്‍.എല്ലിന് കൈമാറ്റം ചെയ്തുലഭിച്ചതായും എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു. കാക്കനാട്ടെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് നിലനിന്നിരുന്ന 17.46 ഏക്കര്‍ സ്ഥലം രാജ്യാന്തര ടൗണ്‍ഷിപ്പായി മാറ്റുകയാണ് ലക്ഷ്യം. ഇന്‍ഫോപാര്‍ക്കിലേക്കുള്ള മെട്രോ നീട്ടുന്ന പദ്ധതിരേഖ കേന്ദ്രസര്‍ക്കാര്‍ വേഗം പരിഗണിച്ചുവരികയാണ്. നെടുമ്പാശേരിവഴി അങ്കമാലിക്കുള്ള മൂന്നാംഘട്ടം പ്രളയക്കെടുതികള്‍ ഒാര്‍മപ്പെടുത്തിയ പ്രാധാന്യംകൂടി മുന്നില്‍ക്കണ്ടാവും പൂര്‍ത്തിയാക്കുകയെന്നും എ.പി.എം.മുഹമ്മദ് ഹനീഷ്  പറഞ്ഞു.

MORE IN KERALA
SHOW MORE