ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം; പികെ ശശി സിപിഎമ്മിനുള്ളിൽ ഒറ്റപ്പെടുന്നു

Pk-sasi
SHARE

പീഡനപരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശി സിപിഎമ്മിനുള്ളിലും ഒറ്റപ്പെടുന്നു. ചെർപ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് എംഎൽഎക്കെതിരെ ഉയർന്നത്. പീഡനപരാതി ചർച്ചയായതിന് പിന്നാലെ എംഎൽഎയെ മാലയിട്ട് അഭിവാദ്യം ചെയ്തത് ഒരു വിഭാഗം അംഗങ്ങൾ വിമർശിച്ചു. പികെ ശശി യോഗത്തിൽ പങ്കെടുത്തില്ല.

കഴിഞ്ഞ ഏഴിന് ചെർപ്പുളശേരിയിൽ സ്വകാര്യ ബസ് ഉടമസ്ഥ സംഘടന സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോഴാണ് പി.കെ.ശശി എംഎൽഎയെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ച് മുദ്രാവാക്യം വിളിച്ചത്. ഒളിംപിക്സ് മെഡൽ ജേതാവിന് നൽകുന്ന പോലെയുള്ള സ്വീകരണം എന്തിന് വേണ്ടിയെന്നായിരുന്നു ചെർപ്പുളശേരി ഏരിയാ കമ്മിറ്റി യോഗത്തിൽ അംഗങളുടെ പ്രധാന വിമർശനം. സ്വീകരണമൊരുക്കിയ കാറൽമണ്ണ, ചെർപ്പുളശേരി ലോക്കൽ സെക്രട്ടറിമാർക്കെതിരെ നടപടിവേണമെന്നും പാർട്ടിയിലിലെ ജീർണതയാണ് ഇത് തെളിയിക്കുന്നതെന്നും അംഗങ്ങൾ പറഞ്ഞു.

ഏരിയ കമ്മിറ്റിയിലെ 17ൽ 15 പേരും പികെ ശശിക്കെതിരെ രൂക്ഷ വിമർശനം നടത്തി. മേൽകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ടു ചെയ്യാൻ വിളിച്ചു ചേർത്ത ഏരിയാ കമ്മിറ്റിയിൽ രണ്ടു മണിക്കൂറും വിവാദമായ പീഡന പരാതിയാണ് ചർച്ച ചെയ്തത്.  രണ്ടു പ്രാവശ്യം  PK ശശി ഏരിയാ കമ്മിറ്റി വിളിച്ചെങ്കിലും ഭൂരിപക്ഷം അംഗങ്ങളും വിട്ടു നിന്നിരുന്നു. ആരോപണ വിധേയനായ പികെ ശശി മാറി നിൽക്കണമെന്ന പാർട്ടി നിർദേശത്തെ തുടർന്ന് ജില്ല സെക്രട്ടേറിയേറ്റ് അംഗമായ സുരേഷ് ബാബുവാണ് യോഗം നിയന്ത്രിച്ചത്. ശശിക്കെതിരായ പരാതിയിൽ സംഘടനാനടപടികൾ ഏറെക്കുറെ തുടങ്ങിയെന്ന് അന്വേഷണ കമ്മീഷൻ അംഗം എകെ ബാലൻ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചക്കുള്ളിൽ പാർട്ടിക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം. 

MORE IN KERALA
SHOW MORE