ഇരുമ്പുപാളത്തിൽ ട്രെയിൻ തട്ടി; ചവിട്ടുപടികൾ വളഞ്ഞു; ഒഴിവായത് വൻദുരന്തം

ട്രാക്കിനരികിൽ കിടന്ന ഇരുമ്പുപാളത്തിൽ തട്ടിയ ട്രെയിൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പാളമിടിച്ചു കയറി 11 ബോഗികളുടെ ചവിട്ടുപടികൾ വളഞ്ഞു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30നു നാഗർകോവിലിലേക്കു പോകുകയായിരുന്ന കോട്ടയം–നാഗർകോവിൽ ട്രെയിൻ പാറശാല സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. 

ഇലങ്കം ക്ഷേത്രത്തിനു സമീപമുള്ള ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു.  ട്രെയിൻ വരുന്നതു കണ്ട് ജോലി ചെയ്തിരുന്ന തെ‍ാഴിലാളികൾ പാളങ്ങൾ ഉപേക്ഷിച്ച് ഒ‍ാടി മാറി. ട്രാക്കിനോടു ചേർന്നു കിടന്ന പാളം ചവിട്ടു പടികളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വൻ ശബ്ദം കേട്ടു യാത്രക്കാരടക്കമുള്ളവർ പരിഭ്രാന്തരായി. രാവിലെ മുതൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യേ‍ാഗസ്ഥരാരും സ്ഥലത്തില്ലായിരുന്നു. 

ട്രാക്കിൽ പണി നടക്കുന്ന വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ട്രെയിനു വേഗത കുറവായതിനാലാണ് പാളം തെറ്റാതെ പടികൾക്കു മാത്രം ഇടിയേറ്റത്. അപകടത്തെ തുടർന്ന് അര മണിക്കുർ പിടിച്ചിട്ടശേഷം ട്രെയിൻ നാഗർകോവിലിലേക്കു യാത്ര തുടർന്നു.