സരിത എസ്.നായരെ കാണാനില്ലെന്ന് പൊലീസ്; വിചിത്ര റിപ്പോര്‍ട്ട് കോടതിയിൽ

saritha-s-nair
SHARE

സോളാർ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ് നായർ വീണ്ടും വാർത്തകളിൽ. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ സരിത എസ്.നായരെ കാണാനില്ലെന്ന പോലീസിന്റെ വിചിത്ര റിപ്പോർട്ടാണ് സോളാർ നായികയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. വലിയതുറ പൊലീസാണ് റിപ്പോർട്ടുമായി കോടതിയിൽ എത്തിയത്. 

തട്ടിപ്പു കേസിൽ സരിതയ്ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വാറന്റ് നടപ്പിലാക്കാൻ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാൽ പ്രതി എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പൊലീസിനു നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണു സരിതയെ കാണാനില്ലെന്ന റിപ്പോർട്ട് പൊലീസ് ഇന്നലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. 

സരിത, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണു പ്രതികൾ. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്തു നാലരലക്ഷ രൂപ തട്ടിച്ചുവെന്നാണു കേസ്. 

പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ റജിസ്‌ട്രേഷൻ തുകയായി അത്രയും രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്നു മനസ്സിലായി. തുടർന്നു പൊലീസിനു പരാതി നൽകി. 2009ൽ ആണു സംഭവം. 2010ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

MORE IN KERALA
SHOW MORE