വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഡി.എഫ്.ഒ

kozhikode-peruvannamuzhy-strike
SHARE

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഡി.എഫ്.ഒ. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്തും. വനപാലകര്‍ക്ക് ഭീഷണിയില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.  

കാട്ടുപോത്തിനെ വേട്ടയാടിയെന്ന പരാതിയില്‍ തയ്യില്‍ സ്വദേശി ജയ്മോനെ വനംവകുപ്പ് അറസ്റ്റ് ചെയ്തതാണ് തുടക്കം. ജയ്മോനെ വിട്ടുകിട്ടാന്‍ ബന്ധുക്കളും നാട്ടുകാരും പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു. നടപടിയില്‍ വനംവകുപ്പ് ഉറച്ച് നിന്നതോടെ ജയ്മോനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് മാതാവ് വല്‍സ നിരാഹാരസമരം തുടങ്ങി. അഞ്ചാംദിവസം കലക്ടറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സമരത്തിന്റെ മറവില്‍ വനപാലകരെ പലരും ബോധപൂര്‍വം ആക്രമിച്ചുവെന്നാണ് പരാതി. ആദ്യഘട്ടത്തില്‍ ജനപ്രതിനിധികളുള്‍പ്പെടെ ഇരുപതിലധികമാളുകള്‍ക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റുണ്ടായില്ല. ഉദ്യോഗസ്ഥരെ ആക്രമിച്ചതിലുള്ള പൊലീസ് അന്വേഷണവും തടസപ്പെട്ടു. വനപാലകര്‍ക്കെതിരായ ആക്രമണം പതിവായിട്ടും നടപടിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.  ഈ സാഹചര്യത്തിലാണ് ഉന്നതതല യോഗം. 

സമരസമിതി കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ജയ്മോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുള്‍പ്പെടെ പുനപരിശോധിക്കുമെന്നായിരുന്നു ഉറപ്പ്. മറ്റുള്ളവര്‍ക്കെതിരെയുള്ള കേസും അവസാനിപ്പിക്കുന്നതിന്റെ സാധ്യതയും ചര്‍ച്ചയായി. എന്നാല്‍ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. 

MORE IN KERALA
SHOW MORE