പാര്‍വതിയും പറഞ്ഞു: വായ മൂടെടാ പിസി; ‘കന്യാസ്ത്രീകള്‍ ഭയപ്പെടാതെ പോരാടൂ..’

parvathy-pc
SHARE

സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്ന വായമൂടെടാ പിസി കാംപെയ്ന് പിന്തുണയുമായി നടി പാർവതിയും. ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ പിസിജോർജ് വ്യക്തിപരമായി അധിക്ഷേപിച്ചതോടെയാണ് വായമൂടെടാ പി സി കാംപെയിൻ തുടങ്ങിയത്. കാംപെയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. 



കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പിസി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.



പിസി ജോർജിനെതിരെ നടനും സംവിധായകനുമായ മധുപാലും രംഗത്തെത്തി. കേരളത്തിൽ ആദ്യം നിരോധിക്കേണ്ടത് പി.സി.ജോർജിനെ ആണ്. അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകൻ മധുപാൽ പ്രതികരിച്ചു. മറ്റൊരാളുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്.



അതിനിടെ ബോളിവുഡിലും പി.സി. ജോർജിനെതിരെ പ്രതിഷേധം ഉയരുകയാണ്. രവീണ്ട ടണ്ടൻ, സ്വര ഭാസ്കർ എന്നിവർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. എംഎൽഎ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വീറ്റ് ചെയ്തു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഇത് ഛർദിക്കാനുള്ള ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷൻ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും രവീണ അഭിപ്രായപ്പെട്ടു. 



'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാർ എംഎൽഎയ്ക്കെതിരെ നിരവധിപേർ  രംഗത്തെത്തിയിരിക്കുന്നത്. സെല്ലോ ടേപ്പ് വച്ച് പിസിയുടെ വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്.എന്തായാലും ഈ ക്യാമ്പയിന് നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 



കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയില്‍ പി.സി. ജോര്‍ജ് പ്രതികരിച്ചത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി. ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.

MORE IN KERALA
SHOW MORE