സമരം സഭയെ അപകീര്‍ത്തിപ്പെടുത്താൻ; കന്യാസ്ത്രീകളെ തള്ളി സന്യാസിനി മഠം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ കന്യാസ്ത്രീകളെ തള്ളി മിഷണറീസ് ഓഫ് ജീസസ് സന്യാസിനി മഠം. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്തുന്ന സമരം സഭയെ അപകീര്‍ത്തിപ്പെടുത്താനാണ്. ഇതിനെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും മദര്‍ ജനറാള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ബിഷപ്പ് നിരപരാധിയാണെന്ന് ബോധ്യമുള്ളതിനാലാണ് കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണയ്ക്കാത്തത്. വിഷയത്തില്‍ തുടര്‍ന്നനടപടി സ്വീകരിക്കുന്നതിനായി അടുത്തദിവസം കൗണ്‍സില്‍യോഗം വീണ്ടും ചേരുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അതേസമയം, ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷണം എന്തുകൊണ്ട് ഇതുവരെ പൂര്‍ത്തിയാക്കിയില്ലെന്ന് പൊലീസിനോട് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഇരയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. 

കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്തർ ബിഷപ്പിന്  ഈയാഴ്ച നോട്ടീസ് നൽകും. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബുധനാഴ്ച ഐജിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം ബിഷപ്പിന് നോട്ടിസ് അയക്കും. 

കേസിലെ ചില വൈരുദ്ധ്യങ്ങളിൽ വ്യക്തത വരുത്താൻ സാക്ഷികളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീയുടെ പരാതി കൈമാറിയ ഭഗൽപൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിന്റെ മൊഴിയെടുത്തു.

കന്യാസ്ത്രിയുടെ പരാതി വത്തിക്കാൻ പ്രതിനിധിക്ക് കൈമാറിയത് താനാണെന്ന് ബിഷപ്പ് സ്ഥിരീകരിച്ചു.  അതേസമയം പരാതിയുടെ ഉള്ളടക്കം അറിയില്ലെന്നാണ്  ബിഷപ്പിന്റെ മൊഴി. പരാതിക്കാരിയായ കന്യാസ്ത്രിയെ അധിക്ഷേപിച്ച പി.സി.ജോർജിനെതിരെ കേസെടുക്കും. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

ഇതിനിടെ ലൈംഗീക പീഡനക്കേസിൽ ജലന്തർ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലീസിനെതിരെ കേസെടുത്തു. ഡി.ജി.പിയും ഐ.ജിയും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിർദേശിച്ചു.