കന്യാസ്ത്രീയുടേതു മുങ്ങിമരണം, വയറ്റില്‍ നാഫ്ത്തലീന്‍ ഗുളികകൾ

pathanapuram-nun-death-2
SHARE

കൊല്ലം പത്തനാപുരത്തെ കന്യാസ്ത്രീയുടെ മരണം മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൈത്തണ്ടയിലെ മുറിവുകള്‍ അല്ലാതെ ശരീരത്ത് മറ്റ് മുറിവുകളില്ല. വയറ്റില്‍ നിന്ന് നാഫ്ത്തലീന്‍ ഗുളികകളും കണ്ടെടുത്തു. സിസ്റ്ററിന്റെ സംസ്കാരം നാളെ പത്തനാപുരം മൗണ്ട് താബോർ കോൺവെന്റില്‍ നടക്കും.

ഫോറന്‍സിക് വിഭാഗം മേധാവി കെ.ശശികലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ സിസ്റ്റർ‍ സി.ഇ.സൂസമ്മയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തി. പാറ്റയെ തുരത്താനായി ഉപയോഗിക്കുന്ന നാഫ്ത്തലീന്‍ ഗുളിയുടെ അംശവുമുണ്ട്. ഇരുകൈത്തണ്ടയിലുമുള്ള മുറിവുകളല്ലാതെ പിടിവലി നടന്നതിന്റെയോ മറ്റോ ഒരു ലക്ഷണവുമില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം കൂടി വന്നതിന് ശേഷമേ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കു.

പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ അന്തേവാസിയും സ്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ മൃതദേഹം ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് കോൺവെന്റ് വളപ്പിലെ തന്നെ കിണറ്റിൽ കണ്ടെത്തിയത്. സിസ്റ്റർ താമസിച്ചിരുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിലും രക്തപാടുകൾ കണ്ടതോടെയാണ് മരണത്തിൽ ദുരൂഹതയുയര്‍ന്നത്.  

രോഗങ്ങള്‍ സിസ്റ്ററെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ഇതുമൂലം ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം തന്നെയാണ് ബന്ധുക്കളും മഠത്തിലെ അന്തേവാസികളും പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതും. 

MORE IN BREAKING NEWS
SHOW MORE