കാറുപേക്ഷിച്ച് ബൈക്കിൽ മന്ത്രി രാജു; ഷാഹിദ കമാലിനെയും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു

ഹര്‍ത്താലനുകൂലികളുടെ  പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി കെ.രാജുവിന് കാറുപേക്ഷിച്ച് ബൈക്കില്‍ യാത്ര ചെയ്യേണ്ടി വന്നു. കൊല്ലം പത്തനാപുരത്ത് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ യാത്ര ചെയ്ത വാഹനവും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ മര്‍ദിക്കുന്ന സ്ഥിതിയും  ഇന്നുണ്ടായി. 

കായംകുളത്തു വച്ചാണ് മന്ത്രി കെ.രാജു ഹര്‍ത്താലനുകൂലികളുടെ മുന്നില്‍പ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാറുപേക്ഷിച്ച് ബൈക്കില്‍ പോകാന്‍ മന്ത്രി നിര്‍ബന്ധിതനായി.

പത്തനാപുരത്തു വച്ച് ഔദ്യോഗിക വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയും ഡ്രൈവറെയും മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്‍റെ പരാതി.

കൊച്ചി എം ജി റോഡില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം തുറന്ന യൂത്ത് കോണ്‍ഗ്രസ് ചെര്‍ളായി മണ്ഡലം സെക്രട്ടറി  ഡെന്നി പോളിനെ  യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ കൈയ്യേറ്റം ചെയ്തു.   

മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തുള്ള വ്യാപാര സമുച്ചയത്തിലേക്ക്  ഇരച്ചെത്തിയ കോണ്ഗ്രസ് പ്രവര്ത്തകര് തുറന്നു കിടന്നിരുന്ന സ്ഥാപനങ്ങളിലേക്ക് കയറി സ്ത്രീകളടക്കമുള്ളവരെ പുറത്താക്കി . ഇതിനിടയിലാണ് കട തുറന്ന സ്വന്തം പാര്‍ട്ടിക്കാരനെയും ആക്രമിച്ചത്.