‘എനിക്ക് തെറ്റുപറ്റി’; ക്ഷമ ചോദിച്ച് സിപിഎമ്മിനെ ‘ട്രോളിക്കൊന്ന്’ വി.ടി.ബല്‍റാം

balram-cpm-post
SHARE

ഒരു വായനയിൽ പിടികിട്ടാത്ത പലതും പല വായനയിൽ തെളിയുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി.ബല്‍റാം.  സിപിഎമ്മിനെ അതി രൂക്ഷമായി പരിഹസിച്ചാണ് ഇത്തവണ പോസ്റ്റ്. അതും സ്വയം ട്രോളികൊണ്ടാണ് ബൽറാം പരിഹാസശരം തൊടുക്കുന്നത്. ആദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെതിെരയുള്ള തന്റെ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അതിലെ "ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം" എന്ന പരാമർശം തെറ്റായി പോയതായും ബൽറാം പറയുന്നു.

ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നു– ബല്‍റാം പരിഹസിക്കുന്നു. 

‘കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സിപിഎമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർത്ഥമായ നന്ദി.’ ബൽറാം കുറിച്ചു.

വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തർക്കത്തിനിടയിൽ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾക്കും അതോടൊപ്പം "ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം" എന്ന പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകൾക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നു.

ചരിത്രബോധമോ വർത്തമാനകാലബോധമോ ഇല്ലായ്മയിൽ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ഓഫീസ് രണ്ട് തവണ തകർക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാൻ ചില സംഘടനകൾ രംഗത്തിറങ്ങിയത് അവർക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാർത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോൾ തിരിച്ചറിയുന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സിപിഎമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർത്ഥമായ നന്ദി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.