കണ്ണൂരിലെ കെട്ടിയിട്ടു കവര്‍ച്ചയ്ക്ക് പിന്നില്‍ ‘ബംഗ്ലാ ഗ്യാങ്’; കൊച്ചി കണക്ഷനും..?

kannur-robbery
SHARE

മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടു കവർച്ച നടത്തിയതു ബംഗ്ലാദേശ് സ്വദേശികൾ അടങ്ങിയ ‘ബംഗ്ലാ ഗ്യാങ്’  കവർച്ചാ സംഘമാണെന്നു പൊലീസ്. ബംഗ്ലാദേശ് സ്വദേശികളായ നൂറോളം പേർ അംഗങ്ങളായ സംഘമാണ് ബംഗ്ലാ ഗ്യാങ് എന്ന പേരിൽ അറിയപ്പെടുന്നത്. കവർച്ചാ സമയത്തു മാത്രം ഒരുമിച്ചു കൂടും. അതിനു മുൻപും പിൻപും പല ഭാഗത്തായി പല ജോലികളുമായി കഴിഞ്ഞു കൂടും. ആളുകളെ ആക്രമിച്ചാണു കവർച്ച. സമയമെടുത്തുള്ള മോഷണം, വീട്ടുകാരെ ബന്ദിയാക്കിയ രീതി, കവർച്ചയ്ക്കായി വീട്ടിൽ കയറിയരീതി എന്നിവ പരിശോധിച്ചാണു സ്ഥിരീകരണം.

സെപ്തംബർ ആറാം തീയതി പുലർച്ചെ വീട്ടുകാരെ കെട്ടിയിട്ടു 30 പവനും 15000 രൂപയും മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് കവർന്നത് .പുലർച്ചെ രണ്ടു മണിയോടെ മുൻവാതിൽ തകർക്കുന്ന ശബ്ദം കേട്ടാണു കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പത്രപ്രവർത്തകനായ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ഞെട്ടിയെഴുന്നേറ്റത്. കിടപ്പുമുറിയുടെ വാതിലിൽ മുട്ടുകേട്ടു തുറന്നപ്പോൾ മുഖംമൂടിധരിച്ച നാലു പേർ മുറിയിലേക്ക് ഇരച്ചെത്തി. ആരാണെന്നു ചോദിക്കും മുൻപു മുഖമടച്ച് ആദ്യ അടി. പിന്നെ ക്രൂരമർദനം. രണ്ടു പേരുടെയും കണ്ണു കെട്ടി വായിൽ തുണിതിരുകി കിടപ്പുമുറിയിലെ കട്ടിലിനോടു ചേർത്തു കെട്ടിയിട്ടു. രണ്ടു മണിക്കൂർ വീട്ടിനുള്ളിൽ അഴിഞ്ഞാടിയ നാലംഗ സംഘം 30 പവനും 15000 രൂപയും മൂന്നു മൊബൈൽ ഫോണുകളും ലാപ്ടോപ്, ഇലക്ട്രോണിക്സ് സാധനങ്ങളും മോഷ്ടിച്ചു കടന്നുകളഞ്ഞു. 

വിനോദ് ചന്ദ്രന്റെ വീടിനു തൊട്ടടുത്തുള്ള ആളില്ലാത്ത മറ്റൊരു വീട്ടിലാണ് ആദ്യ കവർച്ചാ ശ്രമം. ഇതു വിജയിക്കാത്തതിനാലാണു വിനോദിന്റെ വീട്ടിലെത്തിയത്. മോഷ്ടിച്ച മൂന്നു മൊബൈൽ ഫോണുകൾ സംഘം ഇതുവരെ ഉപയോഗിച്ചിട്ടില്ല. കവർച്ചാസാധനങ്ങൾ വീട്ടിൽ നിന്നു തന്നെയെടുത്ത ട്രാവൽ ബാഗുകളിലാക്കിയാണു കടന്നത്. നാലു പേരാണു വീട്ടിനുള്ളിൽ കയറിയതെങ്കിലും കൂടുതൽ പേർ പുറത്തു കാത്തു നിന്നതായി സൂചനയുണ്ട്. കവർച്ചയ്ക്ക് എത്തുന്നതിനു മുൻപു വീടും പരിസരവും സംഘം നിരീക്ഷിച്ചിട്ടുണ്ട്. ഇതിനു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നു.  കവർച്ച നടന്ന സമയത്തു സമീപത്തെ വിവിധ മൊബൈൽ ടവറുകൾക്കു കീഴിലെത്തിയ ഫോൺ വിളികളുടെ പരിശോധനയും തുടങ്ങി.

സംഘം ഉപയോഗിച്ച നീല നിറത്തിലുള്ള ടാറ്റ ഇൻഡിക്ക കാർ മോഷ്ടിച്ചതോ പ്രാദേശികമായി സംഘടിപ്പിച്ചതോ ആണെന്നാണു പൊലീസ് നിഗമനം. കൊള്ളമുതൽ വീതം വച്ച് ഉടനെ സംഘം പിരിഞ്ഞു പോയതായും സംശയമുണ്ട്. അക്രമികൾ വീടുവിട്ട്  അരമണിക്കൂറിനുള്ളിൽ തന്നെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകിയിരുന്നെങ്കിലും കാർ കണ്ടെത്താൻ കഴിഞ്ഞില്ല. കാർ സഞ്ചരിച്ച വഴിയറിയാൻ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

മുൻപു കൊച്ചിയിലെ ചില വീടുകളിൽ കവർച്ച നടത്തിയ 14 അംഗ സംഘത്തിലുണ്ടായിരുന്നവർക്കു സംഭവവുമായി ബന്ധമുള്ളതായും സംശയമുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണു  മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യ പി.സരിതയെയും താഴെചൊവ്വയിലെ വീട്ടിൽ മർദിച്ചു കെട്ടിയിട്ടു നാലംഗ സംഘം  30 പവൻ സ്വർണ്ണവും  15000 രൂപയും വീട്ടുപകരണങ്ങളും കവർന്നത്. ഇരുവരും ചികിത്സയിലാണ്. 

കണ്ണൂരിലെ കവർച്ചയ്ക്കു കൊച്ചി ഇരട്ടക്കവർച്ചാക്കേസുമായി സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. 2017 ഡിസംബർ 15നു പുലർച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലർച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവർച്ച നടന്നത്. ബംഗ്ലാദേശ് സ്വദേശികളടങ്ങിയ ബംഗാളി സംഘമായിരുന്നു ഇവയ്ക്കു പിന്നിൽ. ഈ കേസുകളിലെ പ്രതികളെക്കുറിച്ചും കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണ രീതിയെക്കുറിച്ചും കണ്ണൂർ പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

14 അംഗ സംഘത്തിലെ ആറു പേർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. മുഖ്യപ്രതി അക്രംഖാനെ ബംഗ്ലദേശ് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. തുടർന്ന് ഉത്തർപ്രദേശിലെ കാൻപുരിൽ ഇയാൾ യുപി പൊലീസിന്റെ പിടിയിലായി. കവർച്ച തടയാൻ ശ്രമിച്ച എസ്ഐയെ വെടിവച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണിത്. ഇപ്പോൾ റിമാൻഡിൽ. പുല്ലേപ്പടിയിലെ വീട്ടിൽ വയോധികയെ ബന്ദിയാക്കി 5 പവനും എരൂർ എസ്എംപി കോളനി റോഡിലെ വീട്ടിൽ ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയും വീട്ടുകാരെ കെട്ടിയിട്ടും 54 പവനും 20,000 രൂപയുമാണു കവർന്നത്.

MORE IN KERALA
SHOW MORE