നിപ്പയ്ക്കു പിന്നാലെ എലിപ്പനിയിലും വ്യാജ പ്രചാരണം; കേസെടുക്കണമെന്ന് നിർദേശം

jacob-vadakkumchery
SHARE

പ്രളയത്തിനു ശേഷം എലിപ്പനി ഭീതിയിലാണ് കേരളം. ഇൗ സമയത്ത് അബദ്ധ പ്രചാരണവുമായി എത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ഡിജിപിക്കു നിർദേശം നൽകി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പിനി ഭീതി പടരുകയാണ്. രണ്ടു ദിവസത്തിനിടെ 24 പേർ മരിച്ചതോടെ 13 ജില്ലകളിൽ അതീവ ജാഗ്രത നിര്‍ദേശവും നൽകി. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക ബാധിത മേഖലകളിൽ സർക്കാർ സൗജന്യമായി ഡോക്സിസൈക്കിളിന്‍ മരുന്നുകള്‍ ഇതിനായി ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയിരുന്നു. പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന സർക്കാർ നിര്‍ദേശവും നൽകി. എന്നാൽ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ജനാരോഗ്യ പ്രസ്‌ഥാനം ചെയർമാൻ ജേക്കബ് വടക്കൻചേരി രംഗത്തെത്തിയത്.

എലിപ്പനിയെ തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശം സമയത്താണ് ആളുകളെ തെറ്റിധരിപ്പിക്കുന്നരീതിയിലുളള നിര്‍ദേശങ്ങളുമായി ഇദ്ദേഹം രംഗത്ത് എത്തിരിക്കുന്നുത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകാരികള്‍ ആണെന്നും കഴിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും വിശദീകരിച്ചുമാണ്  ജേക്കബ് വടക്കൻചേരി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇത്തരം മരുന്നുകള്‍ ശരീരത്തിലെത്തുന്ന മറ്റ് വസ്തുക്കളുമായുള്ള പ്രവര്‍ത്തനത്തെയും മറ്റ് മരുന്നുകളുമായുണ്ടാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇദ്ദേഹം വിശദമാക്കുന്നു.

സാധാരണ നിലയില്‍ കഴിക്കാറുള്ള പല മരുന്നുകളോടൊപ്പം ഡോക്സി സൈക്കിളിന്‍ കഴിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ വരെയുണ്ടാകുമെന്ന് ജേക്കബ് വടക്കൻചേരി ആരോപിക്കുന്നു

ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇതെന്നും ഇദ്ദേഹം ആരോപിക്കുന്നു. മരുന്ന് വ്യവസായത്തിന് ചുവട് പിടിക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ക്ക് പിന്നിലെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്.  

 

ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി.

പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

MORE IN KERALA
SHOW MORE