‘99–ാം വയസ്സില്‍ പ്ലെയിനില്‍ കയറി’; കൂളായി മുത്തശ്ശി; പ്രളയനോവിനിടെ ഊഷ്മളകാഴ്ച

old-mother-rescued-in-thiruvalla
SHARE

രക്ഷാപ്രവർത്തനത്തിനെത്തുന്ന ഹെലികോപ്റ്ററുകളിൽ ആളുകൾ കയറാൻ മടിക്കുമ്പോൾ മാതൃകയായി ഒരു മുത്തശ്ശി. തൊണ്ണൂറ്റിയൊൻപത് വയസുള്ള അച്ചാമ്മ ഡാനിയേലാണ് കൂസലൊന്നുമില്ലാതെ പറന്ന് തിരുവല്ലയിലെത്തിയത്. തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററുകൾക്ക് താൽക്കാലിക ഹെലിപാഡായി പ്രവർത്തിക്കുന്ന തിരുവല്ല മാർത്തോമ കോളജിൽ നിന്നുള്ള ദൃശ്യമാണിത്. 

എണീറ്റ് നടക്കാനാകാത്ത തൊണ്ണൂറ്റിയൊൻപതുകാരി അച്ചാമ്മ മുത്തശ്ശിയെ വ്യോമസേനാംഗങ്ങൾ എടുത്തു കൊണ്ടുപോയി ക്യാംപിൽ കിടത്തി. ഒപ്പം ബന്ധുക്കളായ രണ്ട് സ്ത്രീകളെയും തിരുവല്ലയ്ക്കടുത്ത് വെൺപാലയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്തു. ഈ പ്രായത്തിലും സുഖമായി പറന്നുവരാൻ സാധിച്ചതിന്റെ സന്തോഷം വിവരമന്വേഷിക്കാനെത്തിയ മന്ത്രിയോടും മുത്തശി പങ്കുവച്ചു.

‘തൊണ്ണൂറ്റിയൊന്‍പതാം വയസ്സില്‍ പ്ലെയിനില്‍ കയറി. കയറിയതും അറിഞ്ഞില്ല, ഇറങ്ങിയതും അറിഞ്ഞില്ല’– മുത്തശ്ശി പറഞ്ഞു. 

ശക്തമായ ഒഴുക്കുള്ളതിനാൽ വെൺപാല ഭാഗത്ത് ഇനിയും നിരവധിപേർ കുടുങ്ങിക്കിപ്പുണ്ടെന്ന് രക്ഷപെട്ടെത്തിയവർ. മരങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ എയർ ലിഫ്റ്റ് സാധിക്കില്ല. ഹെലികോപ്റ്റർ എത്തുന്ന സ്ഥലങ്ങളിൽനിന്ന് അതിൽ കയറാൻ ഭയന്ന് മാറുന്നവർക്ക് ധൈര്യമേകാൻ ഈ മുത്തശിയുടെ അനുഭവം ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

MORE IN KERALA
SHOW MORE