ജയം ആഘോഷിച്ചില്ല; ബംഗാൾ ഗാലറിയിൽ നാടിനായി പിരിവെടുത്ത് മലയാളിതാരങ്ങൾ; കയ്യടി

football-players
SHARE

കൽ‌ക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ജയത്തിൽ ഏറ്റവുമധികം അഭിമാനിച്ചത് കേരളമാണ്. ആര്യൻ എഫ് സിക്കെതിരായ മൂന്ന് ഗോൾ ജയം മാത്രമായിരുന്നില്ല കാരണം. 

മത്സരശേഷം ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദ് സികെയും മിർഷാദ് കുര്യനും നേരെ പോയത് ഗാലറിയിലേക്കാണ്. ആഘോഷിക്കാനല്ല, പ്രളയദുരിതത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്ന സ്വന്തം സഹോദരങ്ങൾക്കുവേണ്ടി സഹായം ചോദിക്കാനാണ്. ഈസ്റ്റ്ബംഗാൾ ഗ്രൗണ്ടിൽ കേരള ഫ്ലഡ് റിലീസ് ഫണ്ട് എന്നെഴുതിയ ബോക്സുമായി അവർ‌ ഓരോരുത്തർക്കും മുന്നിൽ കൈനീട്ടി.

നിരവധി പേരാണ് താരങ്ങൾ നീട്ടിയ ബോക്സിൽ തങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിച്ചത്. താരങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയും അഭിനന്ദനവുമാണ് സോഷ്യൽ മീഡിയ നിറയെ. 

സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഇന്നുമാത്രം മൂന്ന് പേര്‍ മരിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് മിക്കയിടത്തും. കനത്ത മഴയുണ്ടാകില്ലെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. 

പത്തനംതിട്ട,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനി കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലർട്ട്. ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ജനങ്ങൾക്ക‌ാശ്വാസമായി.

MORE IN KERALA
SHOW MORE