അഭയമേകിയ സലീംകുമാറിന്‍റെ വീട്ടില്‍ രണ്ടാം നിലയിലും വെള്ളം‍; പകച്ച് താരം

salim-kumar-flood
SHARE

പ്രളയദുരിതത്തിൽ സഹായം തേടി നടൻ സലിം കുമാറും. താമസിക്കുന്ന വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്നാണ് സഹായമഭ്യർഥിച്ച് നടനെത്തിയത്. പറവൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ആലംമാവ് ജംഗ്ഷനിലാണ് താരത്തിന്റെ വീട്. ഇവിടെ മുപ്പതോളം പേർക്ക് അഭയം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. 

വൈകുന്നേരം മൂന്ന് മണിയോടെ വീട് ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചെങ്കിലും ആളുകൾ അഭയം ചോദിച്ചെത്തിയതോടെ ഇവിടെ തുടരാൻ തീരുമാനിച്ചു. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമാണ്. നിരവധി പ്രായമായവർ ഒപ്പമുണ്ടെന്നും താരം പറയുന്നു.  ഇനിയും വെള്ളം കയറിയാൽ ടെറസിന് മുകളിൽ കയറാം. എന്നാൽ ടെറസിൽ കയറാൻ സ്റ്റെയറുകളില്ല, പോരാത്തതിന് സ്ഥലം കുറവ്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. പലരെയും ഫോൺ ചെയ്തുപറഞ്ഞിട്ടുണ്ട്. 

തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും ഇതുപോലെ കുടുങ്ങിക്കിടക്കുകയാണ്. വീടിന് മുന്നിൽ നല്ല ഒഴുക്കാണ്. നീന്തിപ്പോകാൻ പോലും കഴിയാത്ത അവസ്ഥ‌യാണ്– സലിം കുമാർ പറയുന്നു. 

കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 166 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 120 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട  സീതത്തോട്  ഉരുൾ പൊട്ടലില്‍  കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.

നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും  ഗോതുരുത്തിലും  വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.

MORE IN KERALA
SHOW MORE