പരിഭ്രാന്തമായ ഫോൺ വിളികൾ, സഹായക്കണ്ണികളായി മാധ്യമലോകവും

rescue
SHARE

മഴയാണ്, മഴ മാത്രമേ ഉള്ളൂ, ഉറങ്ങാതെ, വിശ്രമിക്കാതെ ആര്‍ത്തലച്ച് കലിതുള്ളി പെയ്യുന്ന പേമാരിയെ ശപിച്ചും പഴി പറഞ്ഞും ഒരുകൂട്ടർ. ഇനിയെന്തു ചെയ്യുമെന്ന നിസഹായതയിലും പ്രാർത്ഥനയിലും മറ്റൊരു കൂട്ടർ. ഇതിനിടെ മാധ്യമ പ്രവർത്തരുടെ പേഴ്സണൽ നമ്പറിലേക്കും മാധ്യമ ഓഫീസുകളിലേക്കും നിലക്കാതെ എത്തുന്ന ഫോൺ കോളുകൾ. രക്ഷിക്കണേ എന്ന അഭ്യര്‍ത്ഥനകളാണ്, പരിഭ്രാന്തമായ നിലവിളികളാണ് മറുതലക്കൽ. എല്ലാ സഹായ അഭ്യർഥനകളും രക്ഷാസംഘത്തിനു ഉടൻ കൈമാറുന്നുണ്ട്. ചിലതിന് മറുപടി പോലും നൽകാനാകാതെ പല മാധ്യമ ഓഫീസുകളും വെള്ളത്തിലാണ്. 

നൂറു കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളിൽനിന്ന് ആളുകൾ വിളിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് മാധ്യമപ്രവർത്തകരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പറയുന്നു. പിഞ്ചുകുട്ടികൾ മുതല്‍ മുതിർന്നവരെ‍ വരെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. മാതാപിതാക്കളും ഉറ്റവരുമെല്ലാം കുടുങ്ങിക്കിടക്കുന്ന വാർത്തകളറിയിക്കാൻ വിദേശത്തു നിന്നും ആളുകൾ ബന്ധപ്പെടുന്നു. 

അൽപം സമയമെടുക്കുമെങ്കിലും എല്ലാ വീടുകളിലേക്കും രക്ഷാപ്രവര്‍ത്തകർ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

ആയിരക്കണക്കിനാളുകൾ ഇപ്പോഴും വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. അവരെയെല്ലാം രക്ഷിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.  പുലർച്ചയോടെ കൂടുതൽ ബോട്ടുകളും സൈനികവിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. കൂടുതൽ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉടൻ എത്തും. 

കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തേടി രക്ഷാസംഘം എത്തുകതന്നെ ചെയ്യും. നിസ്സഹായതയുടെ ഈ നിമിഷങ്ങളിൽ ആളുകൾ നൽകുന്ന സഹയാഭ്യർഥനകൾ മാധ്യമപ്രവർത്തകർ വിദഗ്ധസംഘത്തിനു കൈമാറുന്നുണ്ടെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മാധ്യമപ്രവർത്തർ അറിയിക്കുന്നു. ഒപ്പമുണ്ടെന്ന ഉറപ്പു നൽകുന്നു.  

നേരം പുലര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗതയിലായിട്ടുണ്ട്. വിവിധ ജില്ലകളിലെ കണ്‍ട്രോള്‍ റൂമും‌കളും സുരക്ഷാ ഉദ്യോഗസ്ഥരും വസജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. 

സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ  പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദരമോദി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തയോഗം ചേരുന്നു. കൂടുതലായി എത്തുന്ന കേന്ദ്രസേനയെ  തൃശൂര്‍, ഇടുക്കി ജില്ലകളിലേക്ക് അയക്കും

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഹെല്‍പ് ലൈന്‍: 0471 2333812. 1077ല്‍ വിളിക്കുന്നവര്‍ അതാത് ജില്ലകളുടെ STD കോഡ് ചേര്‍ത്തുവിളിക്കുക. റവന്യൂ മന്ത്രിയുടെ ഹെല്‍പ് ലൈന്‍ 0471 2518595, 9995484519, 9496253850. 

വേണ്ടത് ഒന്നിച്ചു നിൽക്കുകയാണ്, ഈ ദുരന്തവും കടന്ന് നമ്മൾ തിരിച്ചെത്തും, ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും.

MORE IN KERALA
SHOW MORE