ട്രെയിന്‍ ഗതാഗതം താറുമാറായി; കോട്ടയം വഴി പൂര്‍ണ സ്തംഭനം

rail-traffic
SHARE

മഴക്കെടുതിയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളം വരെയുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചു. എറണാകുളം ഷൊര്‍ണ്ണൂര്‍ പാതയിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് നാലു വരെയായിരിക്കും നിയന്ത്രണം. ആലപ്പുഴ വഴി വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ കടത്തി വിടും. 

ആലുവാപാലത്തിനു താഴെ അപകടകരമാംവിധത്തില്‍ ജലനിരപ്പുയര്‍ന്നതും‌കൂടാതെ  കുത്തൊഴുക്കുമുണ്ട്. ഇതോടെയാണ് പാലം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുലര്‍ച്ചയോടെ നിര്‍ത്തി വച്ചത്.  വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളം വരെയുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തി. എറണാകുളം ഷൊര്‍ണൂര്‍ പാലക്കാട് പാതയിലും സര്‍വീസുകള്‍ അവസാനിപ്പിച്ചു. 

ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വേഗം കുറച്ച് കടത്തിവിടുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. നാളെ വൈകിട്ട് നാലുമണിവരെയാണ് നിയന്ത്രണം.  ആലുവാ പാലം കൂടാതെ മറ്റ് പാലങ്ങള്‍ക്കടിയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതും മണ്ണിടിച്ചിലുമാണ് കാരണം. വടക്കാഞ്ചേരി,മുളങ്കുന്നത്തു കാവ്, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളില്‍ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞിരുന്നു. നിസാമുദീന്‍ രാജധാനി എക്സ്പ്രസ് രാത്രി പതിനൊന്നിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. നാഗര്‍കോവില്‍ മധുര വഴിയായിരിക്കും സര്‍വീസ്. എറണാകുളം ഭാഗത്തു നിന്നുള്ള യാത്രക്കാരുടെ സൗകര്യം പരിഗണിച്ച ് ജനശതാബ്ദി എത്തിയശേഷമായിരിക്കും രാജധാനി പുറപ്പെടുക. 

ഇന്നത്തെ മംഗളുരു – നാഗര്‍ കോവില്‍ ഏറനാട് എക്സ്പ്രസ്  റദ്ദാക്കി.  നിരവധി ട്രെയിനുകള്‍ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇന്നലെ കുഴിത്തുറ–ഇരണിയല്‍ ഭാഗത്ത് മണ്ണിടിഞ്ഞതു കാരണം നാഗര്‍കോവില്‍ ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ഗതാഗതം ഇതുവരെ പൂര്‍ണമായും പുനസ്ഥാപിക്കാനായിട്ടില്ല. 

MORE IN KERALA
SHOW MORE