കാത്തിരിപ്പ് വെറുതെയായി; ഈ കുഞ്ഞുങ്ങളും അച്ഛനമ്മാരും ഇനി എന്തുചെയ്യും?

munambam-boat
SHARE

ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പ്രാർഥനയും വിഫലമാക്കി സിജു യാത്രയായി. സിജുവിന്റെ തിരിച്ചുവരവിനു കാത്തിരുന്ന വീട്ടുകാരും മാല്യങ്കര ഗ്രാമവും  ഇന്നലെ രാത്രിയറിഞ്ഞ ദുഃഖവാർത്തയിൽ വിങ്ങിപ്പൊട്ടുകയാണ്. കൊച്ചി മുനമ്പം ചേറ്റുവ അഴിക്ക് സമീപം  പുറംകടലില്‍ കഴിഞ്ഞ ചൊവ്വാഴ്ച കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മലയാളിയാണ് ഷിജു. 

സിജുവിന്റെ മരണത്തോടെ കുടുംബത്തിന്റെ താങ്ങും തണലുമാണു നഷ്ടമായത്. കൈകൾ നഷ്ടപ്പെട്ട അച്ഛൻ, ഹൃദ്രോഗിയായ അമ്മ, ഭാര്യ, പത്തും ആറും വയസ്സു പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ. ഇവരുടെ ആശ്രയമാണു കടലിൽ  പൊലിഞ്ഞത്. ചൊവ്വാഴ്ച രാവിലെ അപകടവാർത്ത മാല്യങ്കര ഗ്രാമത്തിൽ പരന്നെങ്കിലും വീട്ടുകാരെ കാര്യങ്ങൾ കൃത്യമായി അറിയിച്ചിരുന്നില്ല. 

സിജു  ആശുപത്രിയിലുണ്ടെന്നും കുഴപ്പമില്ലെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നറിഞ്ഞപ്പോൾ ആശ്വാസമായെങ്കിലും അവരിൽ സിജു ഇല്ലെന്ന സത്യം നാടിനെ കണ്ണീരിലാക്കി വർഷങ്ങളായി കടലിൽ പോകുന്ന, കടലിനെ നന്നായി അറിയുന്ന സിജു രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ബന്ധുക്കൾ. തിരച്ചിൽ നടത്തിയ മൽസ്യത്തൊഴിലാളികൾക്കു കിട്ടിയ മൃതദേഹം സിജുവിന്റേതാകരുതെന്നു പ്രാർഥിച്ചു. 

പക്ഷെ, വിധി മറിച്ചായിരുന്നു. കടലിൽ പോയ സിജു ജീവനോടെ തിരികെയെത്തില്ലെന്ന സത്യം ഉൾക്കൊള്ളാൻ വീട്ടുകാർക്കും നാട്ടുകാർക്കും കഴിഞ്ഞിട്ടില്ല. സിജുവിന്റെ വരുമാനമായിരുന്നു വീടിനെ നയിച്ചിരുന്നത്. അതു നിലച്ചതോടെ ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണു വീട്ടുകാർ. പിതാവ് ലോട്ടറി ടിക്കറ്റ് വിറ്റു ചെറിയ വരുമാനം കണ്ടെത്തിയിരുന്നെങ്കിലും മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് അതു മതിയാകില്ല. ഹൃദ്രോഗിയായ അമ്മയുടെ ചികിൽസ, സിജുവിന്റെ മക്കളുടെ പഠനം എന്നിവയെല്ലാം ഇവർക്കു മുന്നിലുണ്ട്.

അതേസമയം ബോട്ടിലിടിച്ചെന്ന് സംശയിക്കുന്ന ഷിപ്പിങ് കോർപറേഷന്റെ എം.വി.ദേശ ശക്തി എന്ന കപ്പൽ മംഗളൂരു തുറമുഖത്ത് തുടരും. ഇടിച്ചത് ഈ കപ്പലാന്നെന്ന് സ്ഥിരികരിക്കാൻ വിശദമായ ശാസ്ത്രീയ പരിശോധന ആവശ്യമായതോടെയാണ് കപ്പൽ തുറമുഖത്ത് തന്നെ തുടരുന്നത്. മുംബൈയിൽ നിന്നോ കൊച്ചിയിൽ നിന്നോ മുങ്ങൽ വിദഗ്ദ്ധർ എത്തിയ ശേഷം കപ്പലിന്റെ വെള്ളത്തിനടിയിലെ ഭാഗങ്ങളിൽ പരിശോധന നടത്തും. 

MORE IN KERALA
SHOW MORE