64 മരണങ്ങള്‍ കണ്ടവര്‍ ഇവര്‍; ഇവരെ ശ്രദ്ധിക്കൂ പ്ലീസ്: കണ്ണീരില്‍ മുങ്ങല്ലേ..!

athirappally-watch
SHARE

അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്റെ നയാഗ്രയാണ്. വെള്ളച്ചാട്ടം കാണുമ്പോഴുള്ള മനസിലെ കുളിരാണ് പ്രത്യേകത. വെള്ളത്തിലിറങ്ങി കളിക്കാനും രസിക്കാനും കുട്ടികളെ പോലെ മുതിര്‍ന്നവരും ഇറങ്ങും. വെള്ളച്ചാട്ടത്തിനു താഴെ ഇറങ്ങാനും ആളു കൂടും. പക്ഷേ, ഇവിടങ്ങളിലൊക്കെ അപകടം പതിയിരിപ്പുണ്ട്. ചെറിയ കുഴികള്‍. നല്ല ഒഴുക്ക്. വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ യുവാക്കള്‍ വരുന്നത് അല്‍പ സ്വല്‍പം ലഹരിയിലാകും. ഇവരാകട്ടെ വെള്ളം കണ്ടാല്‍ ചാടും. അപകടമുള്ള ഇടങ്ങളില്‍ പോലും ഇറങ്ങും. 

ഇനി, അഥവാ ഇവരോടു പറഞ്ഞാല്‍ തട്ടിക്കയറും തല്ലാന്‍ വരും. വനസംരക്ഷണ സമിതി അംഗങ്ങളാണ് അതിരപ്പിള്ളിയിലെ വോളന്‍ഡിയര്‍മാര്‍. പച്ച നിറത്തിലുള്ള യൂണിഫോം അണിഞ്ഞവര്‍. ഇവരുടെ വാക്കുകേള്‍ക്കാതെ വെള്ളത്തിലിറങ്ങിയവരാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ മുങ്ങിയെടുക്കാന്‍ ഇവര്‍തന്നെ വേണം. മുപ്പതുവര്‍ഷമായി അതിരപ്പിള്ളിയില്‍ താമസിക്കുന്ന ഇവരുടെ അനുഭവങ്ങള്‍ കേട്ടാല്‍ മനസിലാകും സന്ദര്‍ശകരുടെ അച്ചടക്കമില്ലായ്മ. 

സന്ധ്യയായാല്‍ സാധാരണ ആളെ കയറ്റിവിടാറില്ല. ഈ സമയത്താണ് ചെന്നൈയില്‍ നിന്നുള്ള പൊലീസുകാരുടെ വരവ്. ആറു പേരുണ്ട്. വെള്ളച്ചാട്ടത്തിനു താഴെ ഇറങ്ങി നീന്തുകയാണ്. ഈ സമയത്താണ് വനസംരക്ഷണ സമിതി അംഗമായ ഒരാള്‍ വന്നത്. അവരോട് പറഞ്ഞു. ‘ഇവിടെ ഇറങ്ങരുത്. അപകടമാണ്. മുങ്ങിമരിക്കും..’. ഇതുകേട്ട ഉടനെ, അവര്‍ ചെയ്തതാകട്ടെ വനസംരക്ഷണ സമിതി അംഗത്തെ കോളറില്‍ പിടിച്ച് ചീത്ത പറഞ്ഞു. 

എല്ലാവരും മദ്യലഹരിയിലാണ്. വനസംരക്ഷണ സമിതി അംഗം മടങ്ങുകയും ചെയ്തു. ഏകദേശം പത്തു മിനിറ്റു കഴിഞ്ഞു കാണും. വനംവകുപ്പിലെ ഉദ്യോഗസ്ഥന്റെ വിളി. ഉടനെ വരണം. രണ്ടു പേരെ വെള്ളച്ചാട്ടത്തിനു താഴെ കാണാതായിട്ടുണ്ട്. വിവരമറിഞ്ഞ ഉടനെ നേരത്തെ അവിടെ പോയ വനസംരക്ഷണ സമിതി അംഗം പറഞ്ഞു. ‘അവരോട് മര്യാദയ്ക്കു പറഞ്ഞതാ അവിടെ ഇറങ്ങണ്ടായെന്ന്.. ഇപ്പോള്‍ കണ്ടില്ലേ രണ്ടു പേര്‍ പോയത്’. ആദ്യത്തെ മൃതദേഹം കിട്ടിയത് മൂന്നാം ദിവസം. മരത്തില്‍ തങ്ങിയനിലയില്‍.

രണ്ടാമത്തെ മൃതദേഹം കിട്ടിയത് പതിനഞ്ചാം ദിവസം. വോളന്‍ഡിയര്‍മാരുടെ വാക്കു കേട്ടിരുന്നെങ്കിലും അപകടം സംഭവിക്കില്ലായിരുന്നു. മദ്യലഹരിയില്‍ എല്ലാം കാല്‍ക്കീഴിലാണെന്ന ചിന്തയാണ് ഇവര്‍ക്കു വിനയായത്. നിരവധി കോളജ് വിദ്യാര്‍ഥികള്‍ അതിരപ്പിള്ളി കാണാന്‍ വരും. ഇവരെയെല്ലാം നിയന്ത്രിച്ചു നിര്‍ത്തേണ്ട ചുമതല വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കാണ്. 

ജീവന്‍ അപകടത്തിലാണെന്ന് ഓര്‍മിപ്പിക്കുന്നവരെ തല്ലാന്‍ വരുന്ന സന്ദര്‍ശകരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. ‘‘നിങ്ങള്‍ ഇറങ്ങിക്കോളൂ. നിങ്ങളുടെ ജീവന്‍തന്നെയാണ് അപകടത്തിലാകുന്നത്. നിങ്ങളുടെ ഉറ്റവര്‍ക്കുതന്നെയാണ് നഷ്ടം. പക്ഷേ, ‍ഞങ്ങള്‍ പറയാനുള്ളത് പറയും... അപകടമുള്ള ഭാഗത്ത് ഇറങ്ങരുത്. ഞങ്ങളെ തല്ലരുത്. നിത്യവൃത്തിക്കു വേണ്ടി ചെയ്യുന്ന ജോലിയാണിത്’’. 

64 പേരാണ് അതിരപ്പിള്ളിയില്‍ ഇതുവരെ വെള്ളത്തില്‍ മുങ്ങി മരിച്ചത്. ഒന്നോ രണ്ടോ പേര്‍ മാത്രം മനപൂര്‍വം ജീവനൊടുക്കിയവര്‍. ബാക്കിയുള്ളവര്‍ മരണക്കുഴിയില്‍ അകപ്പെട്ടവര്‍. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂര ഭംഗി ആസ്വദിക്കാന്‍ വ്യൂ പോയിന്റുണ്ട്. ഈ ഭാഗത്ത് നിന്നാല്‍ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. അല്ലെങ്കില്‍, മടക്കം നിങ്ങളുടെ ചേതനയറ്റ ശരീരമായിരിക്കും. കരുതിയിരിക്കുക. വോളന്‍ഡിയര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചാല്‍ വിനോദസഞ്ചാരയാത്ര മനോഹരമാകും. ഇല്ലെങ്കില്‍, കണ്ണീര്‍യാത്രയാകും.

MORE IN KERALA
SHOW MORE