പെരിയാറിൽ‌ വെള്ളപ്പൊക്കം; എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

aluva-rain-1
SHARE

ഇടമലയാർ അണക്കെട്ട് തുറന്നതോടെ പെരിയാറിൽ വെള്ളപ്പൊക്കം. സംഭരണശേഷിയായ169 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയതോടെ പുലർച്ചെ അഞ്ചിന് അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുകയായിരുന്നു. പെരിയാർ കരകവിഞ്ഞൊഴുകിയതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതിനാലാണ് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി പുലർച്ചെ അഞ്ചുമണിക്കുതന്നെ ഇടമലയാർ അണക്കെട്ട് തുറന്നത്.  

സെക്കൻഡിൽ 164 ഘനമീറ്റർ വെള്ളം തുറന്നുവിടാൻ ആണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിക്കും മുകളിൽ എത്തിയതിനാൽ സെക്കൻഡിൽ 600 ഘനമീറ്റർ വെള്ളം തുറന്നു വിടാൻ തീരുമാനിക്കുകയായിരുന്നു.  പെരിയാറിന്റെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് നദിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ഇടമലയാർ അണക്കെട്ടിലെ ജലം ഒഴുകിയെത്തിയത്. ഇതോടെ ആലുവ മണപ്പുറം പൂർണമായും വെള്ളത്തിൽ മുങ്ങി. ആലുവയുടെ സമീപപ്രദേശങ്ങളിൽ നൂറിലേറെ വീടുകളിൽ വെള്ളം കയറി. 

ജില്ലയിൽ പതിനഞ്ച്  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു നൂറിലേറെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി വെള്ളപ്പൊക്കം നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം കലക്ടർ അറിയിച്ചു.

അപകട സാധ്യത കണക്കിലെടുത്ത് പെരിയാറിൽ ഇറങ്ങുന്നത് ജില്ലാഭരണകൂടം നിരോധിച്ചിട്ടുണ്ട്

MORE IN KERALA
SHOW MORE