ഗൃഹോപകരണങ്ങളുടെ ജിഎസ്ടി കുറച്ചതിനെ എതിര്‍ത്ത് കേരളം

GST-thomas-issac
SHARE

ഗൃഹോപകരണങ്ങളുടെ ജിഎസ്ടി കുറച്ചതിനെ ശക്തമായി എതിര്‍ത്ത് കേരളം. കുറയ്ക്കേണ്ടത് അവശ്യവസ്തുക്കളുടെ നികുതിയാണെന്ന് ധനമന്ത്രി  തോമസ് ഐസക്ക്. തീരുമാനം മൂലം കേരളത്തിന് പ്രതിവര്‍ഷം 500 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നും പ്രശ്നം അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.

ടി.വി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചതാണ് സംസ്ഥാനത്തിന്റെ എതിര്‍പ്പിന് കാരണം. മുന്‍കൂട്ടി വിതരണം ചെയ്ത അജണ്ടയിലില്ലാത്ത വിഷയം ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരാറായപ്പോള്‍ അഡീഷണല്‍ അജണ്ടാനോട്ട് വിതരണം ചെയ്ത് ധൃതി പിടിച്ച് പാസാക്കിയ രീതി ജനാധിപത്യവിരുദ്ധമാണെന്ന് തോമസ് ഐസക് പറഞ്ഞു. ചികില്‍സയിലുള്ള തോമസ് ഐസകിനു പകരം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥായിരുന്നു യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. ബംഗാള്‍ ധനമന്ത്രി മടങ്ങിയതിനുശേഷമാണ് അഡീഷണല്‍ അജണ്ട നോട്ട് വിതരണംചെയ്തത്. 

ഡോ.ടി.എം.തോമസ് ഐസക്, ധനമന്ത്രി(വരുമാനത്തെ ബാധിക്കും, 500 കോടികുറയും, അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കും എന്നീ ഭാഗങ്ങള്‍)

നേരത്തെ കേന്ദ്ര–സംസ്ഥാന നികുതികള്‍ ചേര്‍ത്താല്‍ 30 മുതല്‍ 40 ശതമാനം വരെ നികുതി ഗൃഹോപകരണങ്ങള്‍ക്കുമേലുണ്ടായിരുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ്മെഷീന്‍, വാക്വം ക്ലീനര്‍ തുടങ്ങിയവയുടെ നികുതി കുറയ്ക്കുന്നതിനുപകരം പായ്ക്ക് ചെയ്ത അരി, അരിപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളുടെ നികുതിയായിരുന്നു കുറയ്ക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. നികുതി കുറച്ചുകൊടുത്ത മിക്ക ഉല്‍പന്നങ്ങളുടെയും വില കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറാകാത്ത മുന്നനുഭവവും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു. 

MORE IN KERALA
SHOW MORE