മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ഉൽപന്നങ്ങളുടെ വില കുത്തനെ കൂട്ടി

meat-products-price
SHARE

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ഉല്‍പന്നങ്ങളുടെ വില കുത്തനെ കൂട്ടി. പോത്തിറച്ചി വില കിലോയ്ക്ക് നാനൂറ് രൂപയായും ആട്ടിറച്ചി വില കിലോയ്ക്ക് 630 രൂപയുമായി ഉയര്‍ത്തി. എം.പി.ഐയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണ് വില വര്‍ധിപ്പിച്ചതെന്ന് വ്യാപാരികള്‍ ആരോപിച്ചു. 

ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് നിലവാരമുള്ള മാംസം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ അഴിമതിയുടെ കേന്ദ്രമായി മാറിയെന്നാണ് വ്യാപാരികളുടെ ആരോപണം. വിപണിവിലയേക്കാള്‍ അന്‍പത് ശതമാനത്തിലേറെയാണ് എം.പി.ഐ ഉല്‍പന്നങ്ങളുടെ വിലയെന്ന് വ്യാപാരികള്‍ പറയുന്നു. ഒരുകിലോ പോത്തിറച്ചി പൊതുവിപണിയില്‍ 300 രൂപയ്ക്ക് ലഭിക്കുമ്പോള്‍ നാനൂറുരൂപയാണ് എംപി.ഐ ഷോപ്പുകളിലെ വില. കോഴിയിറച്ചി കിലോയ്ക്ക് 196 രൂപയും, മട്ടന്‍ കിലോയ്ക്ക് 630 രൂപയും, പോര്‍ക്ക് കിലോയ്ക്ക് 260 രൂപ മുതലുമാണ് എം.പി.ഐ. ഷോപ്പിലെ വില. ഇറച്ചിക്കുള്ള മൃഗങ്ങളെ എത്തിക്കാന്‍ ഇ ടെന്‍ഡറിന്റെ മറവില്‍ ഉയര്‍ന്ന തുകയ്ക്ക് എം.ഡിയുടെ ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കുന്നതിനാലാണ് ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

വില കൂടുതലായതിനാലും ആവശ്യത്തിന് ഉല്‍പന്നങ്ങള്‍ ലഭിക്കാത്തതിനാലും ഷോപ്പുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. എംപിഐയിലെ ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

MORE IN KERALA
SHOW MORE