പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്ക് കൂച്ചുവിലങ്ങ്

police-complaint-t
SHARE

പൊലീസിനെതിരെ ആക്ഷേപങ്ങളുയരുന്നതിനിടെ, അത്തരം പരാതികള്‍ സ്വീകരിക്കേണ്ട പൊലീസ് കംപ്ളയിന്റ്സ് അതോറിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു. രണ്ട് മാസമായി ഒരു പരാതിപോലും സ്വീകരിച്ചില്ലെന്ന് മാത്രമല്ല മുന്നൂറിലേറെ കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. പ്രതിസന്ധി മറികടക്കണമെങ്കില്‍ പൊലീസ് ആക്ടില്‍ നിയമഭേദഗതി വരുണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ പറഞ്ഞു. 

നാട്ടുകാര്‍ക്ക് പൊലീസിനെതിരെ പരാതി നല്‍കാനുള്ള നിയമസംവിധാനമാണ് പൊലീസ് കംപ്ളയിന്റ് അതോറിറ്റി. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ചെയര്‍മാനാകുന്ന അതോറിറ്റിയില്‍ മുന്‍  ജില്ലാ ജഡ്ജി, മുന്‍ പൊലീസ് മേധാവി, ആഭ്യന്തരസെക്രട്ടറി, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എന്നിവരാണ് അംഗങ്ങള്‍. എങ്കിലും ചെയര്‍മാനും ഒന്നോ രണ്ടോ അംഗങ്ങളും ചേര്‍ന്ന് പരാതി പരിഗണിക്കുന്നതായിരുന്നു പതിവ്.  എന്നാല്‍ അഞ്ച് അംഗങ്ങളും ഒരുമിച്ചിരുന്ന് തീര്‍പ്പ് കല്‍പ്പിച്ചില്ലങ്കില്‍ ആ വിധിക്ക് നിയമപ്രാബല്യമില്ലെന്ന് ഏപ്രിലില്‍ ഹൈക്കോടതി വിധിച്ചതാണ് തിരിച്ചടിയായത്.

അഞ്ചംഗങ്ങളും ഒരുമിച്ചിരിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് പ്രായോഗിക പ്രശ്നം. കൂടാതെ പൊലീസിനെതിരായ പരാതി പരിഗണിക്കുന്ന സമിതിയില്‍ സര്‍വീസിലുള്ള എ.ഡി.ജി.പിയും അംഗമായിരിക്കുന്നത് ധാര്‍മിക പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടുന്നു.  ഇതോടെ ഈ വിധി വന്നശേഷം ഒരു പരാതിപോലും സ്വീകരിക്കുകയോ സിറ്റിങ് നടത്തുകയോ ചെയ്തിട്ടില്ല. പ്രശ്നം പരിഹരിക്കാന്‍ പരാതി പരിഗണിക്കാനുള്ള അധികാരം ചെയര്‍മാനും ജില്ലാ ജ‍ഡ്ജിയും മുന്‍ പൊലീസ് മേധാവിയുമടങ്ങിയ സമിതിക്കും ഭരണചുമതല അഞ്ചംഗങ്ങള്‍ക്കുമായി വേര്‍തിരിച്ച് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അതോറിറ്റി

MORE IN KERALA
SHOW MORE