ജനതാദളില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം പുതിയ തലങ്ങളില്‍

janadhadal-t
SHARE

ജനതാദളിലെ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക്. നിലവിലെ മന്ത്രി മാത്യു ടി തോമസിനെതിരെ വര്‍ഗീയച്ചുവയുള്ള ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ ഒരുവിഭാഗം പ്രചാരണം തുടങ്ങി. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തോടെ മന്ത്രിയെ നീക്കാനുള്ള ശ്രമം വഴിമുട്ടിയ സാഹചര്യത്തിലാണ് പുതിയ നീക്കം. 

സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടിയെ അനുകൂലിക്കുന്ന പക്ഷമാണ് മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ചർച്ചയാക്കിയത്. രണ്ട് തരത്തിലാണ് ഇത് ഉയര്‍ത്തിക്കൊണ്ട് വന്നത്. മാത്യു ടി തോമസിന്റെ പ്രവര്‍ത്തനം മോശമാണ്, കൂടാതെ ഇതുവരെ മന്ത്രിയായിട്ടില്ലാത്ത മുതിര്‍ന്ന നേതാവായ കൃഷ്ണന്‍കുട്ടിക്ക് ഒരവസരം കൊടുക്കണം. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ഇത് രണ്ടും ചര്‍ച്ച ചെയ്തെങ്കിലും മന്ത്രിസ്ഥാനം വച്ചുമാറാനുള്ള ശ്രമത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രിക്കെതിരെ വര്‍ഗീയച്ചുവയുള്ള പോസ്റ്റുകള്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട വാട്സാപ്പില്‍ ഗ്രൂപ്പില്‍ വന്നു നിറയാൻ തുടങ്ങിയത്. 

സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കുട്ടിയുടെ സ്വന്തം പഴ്സണല്‍ അസിസ്റ്റന്റ് ടിടി അരുണ്‍ ആണ് തുടക്കമിട്ടത്. അധികാരം നിലനിര്‍ത്താന്‍ വൃത്തികെട്ട വര്‍ഗീയ കളിയുമായി മാത്യു ടി തോമസ് വീണ്ടും എന്ന തലക്കെട്ടിലുള്ള ഈ പോസ്റ്റാണ് ആദ്യം വന്നത്. മന്ത്രിയായത് വര്‍ഗീയക്കളിയിലൂടെയാണ്. മാര്‍ത്തോമ്മാ സഭയിലെ സ്വാധീനം ഉപയോഗിച്ച് പിജെ കുര്യന്‍ വഴി സോണിയാ ഗാന്ധിയെ ഇടപെടുവിച്ച് ദേവഗൗഡയെ വിളിപ്പിച്ചാണ് മാത്യു ടി തോമസ് മന്ത്രിയായത് എന്ന് അരുണ്‍ പിന്നീട് ആരോപിക്കുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കളും ഉൾപ്പെട്ട WhatsApp ഗ്രൂപ്പിൽ ഇത് വൻ തർക്കത്തിന് വഴിമരുന്നിട്ടു. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് വീരേന്ദ്രകുമാർ ആവശ്യപ്പെട്ടപ്പോൾ ഒന്നും മിണ്ടാതെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കൊടുത്തയാളാണ്, എന്ന് തുടങ്ങി എൽഡിഎഫിൽ ദളിന് ഇപ്പോൾ കിട്ടുന്ന അംഗീകാരം നേടിയെടുത്തത് മാത്യു ടി തോമസ് ആണ് എന്നുവരെ പല തട്ടിലുള്ള പ്രവർത്തകർ ഗ്രൂപ്പിൽ ഓര്മപ്പെടുത്തുന്നുണ്ട്. പക്ഷെ ഫലമില്ല, പാർട്ടിയുടെ ഏക മന്ത്രിയെ പുകച്ച് പുറത്തുചാടിക്കാൻ തക്ക പ്രചാരണമാണ് പാർട്ടി നേതാക്കൾ മാത്രം ഉൾപ്പെട്ട ഗ്രൂപ്പിൽ സംസ്ഥാന അധ്യക്ഷന്റെ സ്വന്തം അനുയായി നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ ദേവഗൗഡയുടെ പ്രതിനിധിയായി സെക്രട്ടറി ജനറൽ ഡാനിഷ് അലി കൂടി പങ്കെടുത്ത യോഗത്തിന് ശേഷം നടക്കുന്ന ഈ പ്രചാരണത്തെക്കുറിച്ച് പരാതി കൊടുക്കാൻ ഈ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത് കാത്തുവച്ചിരിക്കുകയാണ് മന്ത്രി അനുകൂല പക്ഷം.

MORE IN KERALA
SHOW MORE