ഓണ്‍ലൈന്‍ ടാക്സിക്കു നേരെ കോഴിക്കോട്ട് കയ്യൂക്ക്; പൊലീസും അനങ്ങുന്നില്ലേ..?

ola-taxi
SHARE

കൊച്ചിയിലും തിരുവനന്തപുരത്തും  ഓണ്‍ലൈന്‍ ടാക്സികള്‍ ഹിറ്റാണ്. തുടക്കത്തിലെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് ടോപ് ഗിയറിലാണ് ഈ വ്യവസായം കുതിക്കുന്നത്. പരമ്പരാഗത ടാക്സികളുടെ പകുതിയില്‍ താഴെ വാടകയും  സുരക്ഷിതത്വവുമാണ് ഓണ്‍ലൈന്‍ ടാക്സികളെ ജനത്തോട് അടുപ്പിക്കുന്നത്. എന്നാല്‍ കോഴിക്കോട് കാര്യങ്ങള്‍ മറിച്ചാണ്. 

ആറുമാസം മുന്‍പാണ് കോഴിക്കോട് രാജ്യാന്തര കമ്പനിയായ ഓല സര്‍വീസ് തുടങ്ങിയത്. തുടക്കത്തില്‍ പരമ്പരാഗത ടാക്സിക്കാര്‍ കൂട്ടമായിട്ട് രജിസ്ട്രേഷനെടുത്തു. പിന്നീട് സര്‍വീസിനിറങ്ങാതെ കമ്പനിയെ കെട്ടുകെട്ടിക്കാനായിരുന്നു നീക്കം. എന്നാല്‍ കുറേ കാറുകള്‍ കമ്പനിയില്‍ രജിസ്്റ്റര്‍ ചെയ്തു സര്‍വീസ് തുടങ്ങിയതോടെ ഇതുപൊളിഞ്ഞു. പിന്നെ കയ്യൂക്കിന്റെ ഭാഷയിലായി കാര്യങ്ങള്‍.

തോല്‍വി മറക്കാന്‍ കയ്യൂക്ക്

കാര്യാമായ പരസ്യങ്ങളില്ലാതെ തന്നെ കോഴിക്കോട്ടുകാരുടെ മനസില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ സ്ഥാനം പിടിച്ചു. ഏത് പാതിരാത്രിക്കും വിളിപ്പുറത്തുണ്ടെന്നായതോടെ സ്ത്രീയാത്രക്കാരുടെ ഇഷ്ടവാഹനവുമയി . എന്നാല്‍ ഇന്നും റയില്‍വേ സ്റ്റേഷനിലോ പ്രധാന ടാക്സി സ്റ്റാന്‍റുകളുടെ സമീപത്തോ വച്ച് ഓണ്‍ലൈന്‍ ടാക്സികള്‍ ബുക്കു ചെയ്താല്‍ നടക്കില്ല. ഇങ്ങിനെ ബുക്കുചെയ്യുന്നവരോട് അടികിട്ടാന്‍ സാധ്യതയില്ലാത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറിനില്‍ക്കാനായിരിക്കും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ഉപദേശം. 

പിന്നെ അവിടെ വന്നു പിക് ചെയ്യുകയും ചെയ്യും. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലും  ടാക്സികള്‍ക്ക് പ്രവേശനവുമില്ല.  പലവട്ടം ജില്ല കലക്ടര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. റജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് തടഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ പരമ്പരാഗത ടാക്സിത്തൊഴിലാളികളാണ് ഇപ്പോള്‍ വീണ്ടും ഭീഷണിയായി രംഗത്തുവന്നിരിക്കുന്നത്. നഗരത്തില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. 

നഗരത്തില്‍ പ്രവേശിച്ചാല്‍ ഇന്നു മുതല്‍ കായികമായി നേരിടുമെന്ന് മുന്നറിയിപ്പും നല്‍കിതുടങ്ങി. നഗരമധ്യത്തിെല ട്രാഫിക് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി സുബിനെ കയ്യേറ്റം ചെയ്ത് ഇതിന് തുടക്കമിടുകയും ചെയ്തു. 

പൊലീസും കൂട്ട്

പരാതിയുമായി ട്രാഫിക് സ്റ്റേഷനിലെത്തിയ സുബിന്‍ ഇനി ജീവിതത്തിലൊരിക്കലും പൊലീസ് സ്റ്റേഷന്‍ കയറില്ല. പരാതി വാങ്ങാന്‍ പോലും തയ്യാറാകാതിരുന്ന പൊലീസ്  ഓണ്‍ൈലന്‍ ടാക്സികള്‍ നഗരത്തില്‍ ആവശ്യമില്ലെന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.  സ്റ്റേഷനകത്തുവച്ചു പരമ്പരാഗത ടാക്സിക്കാര്‍ ഭീഷണിപെടുത്തിയിട്ടും പൊലീസ് കണ്ടില്ലെന്ന് നടിച്ചുവെന്നും സുബിന്‍ ആരോപിക്കുന്നു

കലക്ടര്‍ കനിയുമോ

ഓണ്‍ലൈന്‍ ന്യൂജന്‍ ടാക്സിക്കാരും പരമ്പരാഗത ടാക്സിക്കാരും തമ്മിലുള്ള തകര്‍ക്കം പലവട്ടം കലക്ടറുടെ മുമ്പിലെത്തിയതാണ്.  നിയമപരമായി പ്രവര്‍ത്തിക്കുന്നവരെ തടയാനാകില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയതുമാണ്. പക്ഷേ  തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍  കലക്ടര്‍ക്ക് വീണ്ടും പരാതി നല്‍കാനാണ് ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ തീരുമാനം. 

MORE IN KERALA
SHOW MORE