പ്രതിസന്ധി നീങ്ങി; കക്കയം ജലവൈദ്യുത പദ്ധതിക്ക് നാളെ തുടക്കം

calicut-kakkayam
SHARE

പ്രതിസന്ധി നീങ്ങി കോഴിക്കോട് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വെളിച്ചം കണ്ടു. മൂന്ന് മെഗാവാട്ടിന്റെ പദ്ധതി വൈദ്യുതിമന്ത്രി എം.എം.മണി നാളെ നാടിന് സമര്‍പ്പിക്കും. മനോരമ ന്യൂസിന്റെ 'വെളിച്ചം വിഴുങ്ങികള്‍' എന്ന അന്വേഷണ പരമ്പരയിലൂടെയാണ് പദ്ധതിയുടെ നിര്‍മാണതടസം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതും ഇടപെടലുണ്ടായതും. 

മുപ്പത്തി മൂന്ന് കോടി മുടക്കി. ഏഴ് വര്‍ഷം കാത്തിരുന്നു. ഒടുവില്‍ സംസ്ഥാനത്തിന്റെ ഊര്‍ജ കലവറയിലേക്ക് മൂന്ന് മെഗാവാട്ട് കൂടി സ്വന്തമായി. മണ്ണിന് ബലമില്ലെന്ന് പറഞ്ഞ് കെ.എസ്.ഇ.ബിയും കരാറുകാരനും പണിനിര്‍ത്തി. ഇതോടെ കക്കയം സ്മോള്‍ ഇലക്ട്രോ പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ തുടങ്ങി പിന്നീട് മുടങ്ങിയ ചെറുകിട ജലവൈദ്യുത പദ്ധതികളെക്കുറിച്ച് എട്ട് മാസം മുന്‍പാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി തടസം നീക്കാന്‍ വൈദ്യുതിമന്ത്രിയോട് നിര്‍ദേശിക്കുകയായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു തുടര്‍ന്നുള്ള നിര്‍മാണം. നൂറ് മെഗാവാട്ട് ശേഷിയുള്ള കക്കയം ഹൈഡല്‍ പ്രൊജക്ടില്‍ നിന്ന് വൈദ്യുതോല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമാണ് ചെറുകിട പദ്ധതിക്കായി ഉപയോഗിക്കുക. വര്‍ഷം മുഴുവന്‍ ഉല്‍പാദനം നടത്താനാകും. വൈദ്യുതി കണ്ണൂര്‍ ഗ്രിഡിലേക്ക് നല്‍കുന്നതിനാണ് തീരുമാനം.

MORE IN KERALA
SHOW MORE