മിസ്ഡ് കോളടിച്ച് തട്ടിപ്പ്; പണം നഷ്ടമായത് അയ്യായിരത്തോളം പേര്‍ക്ക്

missed-call-fraud-t
SHARE

മിസ്ഡ് കോളടിച്ച് പണം തട്ടിയെടുക്കുന്ന രാജ്യാന്തരസംഘത്തിന്റെ വലയില്‍ കുടുങ്ങി ഒരാഴ്ചക്കിടെ അയ്യായിരത്തോളം പേര്‍ക്ക് പണം നഷ്ടമായതായി പൊലീസിന്റെ വിലയിരുത്തല്‍. ബൊളീവിയയില്‍ നിന്നാണ് വിളിയെത്തിയതെന്ന് കണ്ടെത്തിയെങ്കിലും പണം കൈക്കലാക്കിയാളെ കണ്ടെത്താന്‍ പൊലീസ് മൊബൈല്‍ സേവനദാതാക്കളുടെ സഹായം തേടി. ഡി.ജി.പി ലോക്നാഥ് ബെഹ്റയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മിസ്ഡ് കോളെത്തിയത് പൊലീസിനെയും ഞെട്ടിച്ചു.  

രാജ്യാന്തര നമ്പരില്‍ നിന്ന് മിസ്ഡ് കോളെത്തുകയും തിരിച്ച് വിളിച്ചാല്‍ ഫോണ്‍ ബാലന്‍സില്‍ നിന്ന് പണം നഷ്ടമാവുകയും ചെയ്യുന്ന കെണിയില്‍ ഒരാഴ്ചക്കിടെ അയ്യായിരത്തിലേറെ പേര്‍ കുടുങ്ങിയെന്നാണ് പൊലീസിന്റെ കണക്ക്. എന്നാല്‍  ഒരാള്‍ പോലും ഹൈടെക് സെല്ലില്‍ പരാതി നല്‍കിയിട്ടില്ല.  +591 എന്ന തുടങ്ങി പതിനൊന്ന് അക്കമുള്ള ഏഴ് നമ്പരുകളില്‍ നിന്നാണ് ഇത്തരം തട്ടിപ്പ് വിളിയെത്തിയത്. ഏഴ് നമ്പറും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബൊളീവിയയിലെ വിവ സ്പോഴ്സ് എന്ന കമ്പനിയുടെ പേരിലാണ്. ഇവരുമായി ബന്ധപ്പെട്ടെങ്കിലും വിളിച്ചയാളുടെ വിവരങ്ങളൊന്നും കൈമാറാന്‍ തയാറായില്ല. ഇതോടെയാണ് ബി.എസ്.എന്‍.എല്‍ അടക്കമുള്ള മൊബൈല്‍ സേവനദാതാക്കള്‍ക്ക് പൊലീസ് കത്തയച്ചത്. ഈ ഏഴ് നമ്പരുകളെ വിലക്കണമെന്നും ഫോണ്‍ ബാലന്‍സില്‍ നിന്നുള്ള പണം പോയിരിക്കുന്നത് ഏത് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്താനുമാണ്  നിര്‍ദേശം നല്‍കിയത്. വിദേശത്ത് നിന്നുള്ള ഇടപാടുകളാണെന്നത് അന്വേഷണത്തിന് പരിമിതിയുണ്ട്. അതേസമയം ഡി.ജി.പിയും എ.ഡി.ജി.പിയുമടക്കം ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരിലേക്കും മിസ്ഡ് കോളെത്തി. ആര്‍ക്കും പണം നഷ്ടമായിട്ടില്ല. +5,+4 തുടങ്ങിയ നമ്പരുകളില്‍ നിന്നുള്ള കോള്‍ എടുക്കാതിരിക്കുകയാണ് പണം നഷ്ടമാകാതിരിക്കാനുള്ള ഏക മാര്‍ഗമെന്നും പൊലീസ് പറയുന്നു.

MORE IN KERALA
SHOW MORE