സ്വാതന്ത്ര്യത്തിലേക്ക് വാതില്‍ തുറക്കാം; മനോരമ ന്യൂസ് കോണ്‍ക്ലേവ് വെള്ളിയാഴ്ച

manoramanews-conclave-2
SHARE

സന്തോഷത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് വാതില്‍ തുറന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവ് വീണ്ടും. കേരളത്തിന്റെ ആദ്യത്തെ ന്യൂസ് കോണ്‍ക്ലേവിന്റെ രണ്ടാംപതിപ്പ് വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. ലുലു ഗ്രാന്‍ഡ് ഹയാത് ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. 

കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ്  റത്തോഡ്,  കിരണ്‍ റിജ്ജു, അല്‍ഫോണ്‍സ് കണ്ണന്താനം, തമിഴകത്തുനിന്ന് കമല്‍ഹാസന്‍, കനിമൊഴി, ചരിത്രം കുറിച്ച ജുഡീഷ്യല്‍ വിപ്ലവത്തിന് തുടക്കം കുറിച്ച ജസ്റ്റിസ് ജെ.ചെലമേശ്വര്‍, കശ്മീരിലെ കമ്യൂണിസ്റ്റ് നേതാവ് മുഹമ്മദ് യൂസുഫ് താരിഗാമി, അഭിഭാഷക ദീപിക സിങ് രജാവത് എന്നിവടരടങ്ങുന്ന വന്‍നിര കോണ്‍ക്ലേവിന്റെ ഭാഗമാകും.

2017 ജൂണ്‍ മൂന്നിന് കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ ന്യൂസ് കോണ്‍ക്ലേവ് മനോരമ ന്യൂസ് മലയാളികള്‍ക്കുമുന്നിലെത്തിച്ചു. കേരളീയര്‍ അതുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ പ്രതിഭാസംഗമമായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ച കോണ്‍ക്ലേവ് മലയാളിയുടെ സന്തോഷത്തെക്കുറിച്ചുള്ള ക്രിയാത്മകസംവാദങ്ങളുടേയും നവീനാശയങ്ങളുടേയും ഉജ്വലവേദിയായി. 

അതിസമ്പന്നമായ ഈ അനുഭവത്തിന്റെ ചിറകിലേറിയാണ് മനോരമന്യൂസ് കോണ്‍ക്ലേവിന്റെ രണ്ടാംപതിപ്പ്മലയാളികള്‍ക്കു മുന്നിലെത്തുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ് എന്ന് പറയുമ്പോഴും നാള്‍ക്കുനാള്‍ പരിമിതപ്പെടുന്ന നമ്മുടെ സ്വാതന്ത്ര്യമാണ് ഇത്തവണ കോണ്‍ക്ലേവിന്റെ വിഷയം. രാജ്യാന്തരപ്രശസ്തരായ, ഒട്ടേറെ പ്രമുഖര്‍ ഇക്കുറിയും മനോരമന്യൂസ് കോണ്‍ക്ലേവിന്‍റെ മുഖമാകും.

രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, കമല്‍ഹാസന്‍, കിരണ്‍ റിജിജു, ശശി തരൂര്‍, ജസ്റ്റിസ് ജെ.ചെലമേശ്വര്‍, മുഹമ്മദ് യൂസുഫ് താരിഗാമി, ശേഖര്‍ ഗുപ്ത, കനിമൊഴി, അഡ്വ.ദീപിക സിങ് രജാവത്, കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, എം.മുകുന്ദന്‍, ജസ്റ്റിസ് കെമാല്‍ പാഷ, ഡിജിപി ലോക്നാഥ് ബെഹ്റ, എം.എ.യൂസുഫലി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഐബിഎസ് സ്ഥാപകന്‍ വി.കെ.മാത്യൂസ്, എം.മുകേഷ് എംഎല്‍എ, പത്മപ്രിയ, സിദ്ദിഖ്, ജോയ് മാത്യു, യുവഎഴുത്തുകാരന്‍ മനു എസ്.പിള്ള എന്നിവരും അനുഭവങ്ങളും ആശയങ്ങളും കൊണ്ട്  മനോരമന്യൂസ് കോണ്‍ക്ലേവ് വേദിയെ സമ്പന്നമാക്കും. 

മലയാളിയുടെ സ്വാതന്ത്ര്യബോധത്തിന്റെ അളവ് ശാസ്ത്രീയമായി വിലയിരുത്താന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ഫ്രീഡം സര്‍വേയും സംഘടിപ്പിച്ചിട്ടുണ്ട്. ആശയങ്ങളുടെ ആഘോഷമായി മനോരമന്യൂസ് കോണ്‍ക്ലേവ് പതിമൂന്നിന് രാവിലെ ഒന്‍പതര മുതല്‍ കൊച്ചിയില്‍.

MORE IN KERALA
SHOW MORE