അഭിമന്യുവിന്‍റെ ഫോട്ടോകളില്ലെന്ന് അച്ഛന്‍; ആല്‍ബമൊരുക്കി അവരെത്തി: കണ്ണീരുവീണ് വീട്

maharajas-teachers
SHARE

അന്ന് പ്രിയ ശിഷ്യന്റെ സംസ്ക്കാര ചടങ്ങിനെത്തിയപ്പോള്‍,  പിതാവ് മനോഹരന്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരുപാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച കാര്‍ഡ് അധ്യാപകരെ ചൂണ്ടികാണിച്ച് ഇതാണ് മകന്റെ ഓര്‍മയ്ക്കായി ആകെയുള്ള  ഫോട്ടോ എന്ന് പറഞ്ഞത് ആ ടീച്ചര്‍ മറന്നില്ല. 

അധ്യാപിക ജൂലി ചന്ദ്ര താനെടുത്ത അഭിമന്യുവിന്റെ  ചിത്രങ്ങളും, മറ്റ് കുട്ടികളില്‍ നിന്ന് ശേഖരിച്ച ചിത്രങ്ങളും ചേര്‍ത്ത് ആല്‍ബമാക്കി കൊണ്ടുവന്ന് ആ പിതാവിന് നല്‍കി. കോളജില്‍ അഭിമന്യുവിന്റെ മികവും കഴിവും സാക്ഷ്യപെടുത്തിയ ചിത്രങ്ങളില്‍ അവന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു.

അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ കോളജിലെ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്ററുമായ ജൂലി ചന്ദ്ര അഭിമന്യുവിന്റെ ഓര്‍മ്മകളില്‍ വിങ്ങിപൊട്ടി. കേളജിലെ അധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും രാഷ്ട്രീയത്തിനും മറ്റുവിവേചനങ്ങള്‍ക്കതീതമായി കോളജിനെ നെഞ്ചിലേറ്റിയ അഭിമന്യു അതെ കോളജ് അങ്കണത്തില്‍ വീണുപോയെന്ന് പറയുമ്പോള്‍ അധ്യാപികയുടെ തൊണ്ടയിടറി. 

അഭിമന്യുവിന്റെ ഒറ്റമുറി വീടും മറ്റു സാഹചര്യങ്ങളും നേരില്‍ കണ്ട അധ്യാപിക കോളജിലെ എല്ലാകാര്യങ്ങളിലും സജീവമായിരുന്ന അഭിമന്യു എല്ലാം കാര്യങ്ങളും താനുമായി പങ്കുവയ്ക്കുമ്പോഴും വീട്ടിലെ കഷ്ടപാടുകളെ കുറിച്ച്  ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കാനായിരുന്നു അവന് ഇഷ്ടമെന്നും അധ്യാപിക ഒാര്‍ക്കുന്നു.  

അതെസമയം അഭിമന്യുവിന്റെ വലിയ മോഹം പൂവണിയുകയാണ് വട്ടവടയില്‍. സ്വന്തമായി വീടില്ലാത്ത അഭിമന്യു പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നത് ഒരു വായനശാലയാണ്. മെയ് മാസം 22–ാം തീയതി വട്ടവടയില്‍ നടന്ന ഗ്രാമസഭാ യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു അവന്‍ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്. 

വട്ടവട പഞ്ചായത്ത് ഓഫീസിന്റെ  മൂന്നാം നിലയില്‍ രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വായനശാല നിര്‍മ്മിക്കുന്നത്.പി.എസ്.സി കോച്ചിംങിന് ആവശ്യമായ പുസ്തകങ്ങളും പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ഗ്രന്ധങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും അന്ന് അഭിമന്യു അഭിപ്രായപ്പെട്ടിരുന്നു.

അവന്റെ ആ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതായി നാട്ടുകാരും കൂട്ടുകാരും എല്ലാവരും ചേര്‍ന്ന് പുസ്തകശേഖരണവും തുടങ്ങി. വിദേശത്തുനിന്നുള്‍പ്പടെ ഒട്ടേറെ സഹായങ്ങളാണ് ലഭിക്കുന്നത്. അത് പുസ്തകമായും പണമായും വട്ടവടയെ തേടിയെത്തുന്നു. അഭിമന്യു മഹാരാജാസ് എന്ന പേരാകും വായനശാലയ്ക്ക് നല്‍കുക. 

MORE IN KERALA
SHOW MORE