കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകളുടെ പണപ്പിരിവിന് കടിഞ്ഞാണിട്ട് മാനേജ്മെന്റ്

ksrtc-union
SHARE

കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകളുടെ പണപ്പിരിവിന് കടിഞ്ഞാണിട്ട് മാനേജ്മെന്റ്.  ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളത്തില്‍ നിന്ന് യൂണിയനുകളുടെ മാസവരി പിടിക്കരുതെന്ന് ആവശ്യപ്പെട്ട് എം.ഡി ടോമിന്‍ തച്ചങ്കരി എസ്.ബി.െഎയ്ക്ക് കത്തയയച്ചു. യൂണിയന്‍ വിട്ടിട്ടും ഇപ്പോഴും  മാസവരി ഈടാക്കുന്നുവെന്ന് ജീവനക്കാര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് നടപടി. 

2011ല്‍ ശമ്പളം ബാങ്ക് വഴിയാക്കിയതുമുതലാണ് യൂണിയനുകളും മാസവരി പിരിക്കാന്‍ എസ്.ബി.െഎയുടെ സഹായം തേടിയത്. അംഗങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒാരോ മാസവും പിടിക്കുന്ന നിശ്ചിത തുക ബാങ്ക് അതാത് യൂണിയനുകളുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കും. ആളൊന്നിന് നൂറ് രൂപ വീതം പിരിക്കുന്ന സി.െഎ.ടി.യുവിന് 17000 അംഗങ്ങളുണ്ട്. 12000 അംഗങ്ങളുള്ള കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫില്‍ 150 രൂപയാണ് മാസവരിയും വെല്‍ഫയര്‍‌ ഫണ്ടും അടക്കം ഈടാക്കുന്നത്. ഇതിനെതിരെ  ജീവനക്കാരില്‍ ചിലര്‍ പരാതി നല്‍കിയതായി മാനേജ്മെന്റ് പറയുന്നു. 

യൂണിയനില്‍ നിന്ന് ഒഴിവായിട്ടും നേരത്തെ ഒപ്പിട്ട് കൊടുത്ത സമ്മതപത്രം ഉപയോഗിച്ച് പണം ഈടാക്കുന്നുവെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് അംഗങ്ങളുടെ നേരിട്ടുള്ള അനുമതിയില്ലാതെ ശമ്പളത്തില്‍ നിന്ന് മാസവരിയുടെ പേരില്‍ പണം പിടിക്കരുതെന്ന് എം.ഡി  ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിയനുകളുടെ കത്തിന്റ പേരില്‍ ജീവനക്കാരില്‍ നിന്ന് പണം ഈടാക്കുന്നത് കെ.എസ്.ആര്‍.ടി.സിയുമായുള്ള കരാറിന്റ ലംഘനമാണന്നും ചൂണ്ടിക്കാണിക്കുന്നു. ചീഫ് ഒാഫീസില്‍ അദര്‍ ഡ്യൂട്ടിയിലിരുന്ന യൂണിയന്‍ നേതാക്കളെ ഒഴിവാക്കിയതും പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും യൂണിയനുകളും എം.ഡിയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാസവരിയുടെ കാര്യത്തിലും നിയന്ത്രണം വരുന്നത്. 

MORE IN KERALA
SHOW MORE