അനധികൃതമായി വിദേശമദ്യം കടത്തിയതിന് അടച്ചുപൂട്ടിയ ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാൻ അനുമതി

duty-paid-t
SHARE

യാത്രക്കാരുടെ പാസ്പോർട്ട് രേഖകൾ ഉപയോഗിച്ച് അനധികൃതമായി വിദേശമദ്യം കടത്തിയതിന് അടച്ചുപൂട്ടിയ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാൻ ഹൈക്കോടതി അനുമതി. ലൈസൻസ് സസ്പെൻഡ് ചെയ്ത കസ്റ്റംസ് കമ്മിഷണറുടെ ഉത്തരവിനെതിരെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിപ്പുകാരായ പ്ലസ് മാക്സ് നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് വൻതോതിൽ വിദേശമദ്യം കടത്തി കോടിക്കണക്കിനു രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ഡ്യൂട്ടിഫ്രീ ഷോപ്പിനെതിരായ കേസ്. ചട്ടങ്ങൾ ലംഘിച്ചെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്ന് ഷോപ്പിന്റെ ലൈസൻസ് കസ്റ്റംസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. തുടർന്നാണ് ഷോപ്പ് നടത്തിപ്പുകാരായ പ്ലസ് മാക്സ് ഹൈക്കോടതിയിലെത്തിയത്. 

മദ്യക്കടത്ത് ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ നിലപാടെടുത്തു. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് പ്ലസ് മാക്സ് കോടതിയെ അറിയിച്ചു. ഷോപ്പ് തുറക്കാം എന്ന കസ്റ്റംസ് ചീഫ് കമ്മീഷണറുടെ നിർദേശം താഴെയുള്ള ജീവനക്കാർ പാലിക്കുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഷോപ്പ് ഒരുമാസം അടച്ചിട്ടതിലൂടെ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടെന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ബോധിപ്പിച്ചു. 

തുടർന്ന് പ്ലസ് മാക്സ് നൽകിയ ഹർജിയിൽ അന്തിമ തീരുമാനമെടുക്കും വരെ ഹൈക്കോടതി കസ്റ്റംസ് കമ്മിഷണറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചതിലെ യാത്രക്കാരുടെ പ്രതിഷേധം കൂടി പരിഗണിച്ചാണ് ഷോപ്പ് തുറക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. 

MORE IN KERALA
SHOW MORE