കാട്ടാനകളുടെ കാടിറക്കം, പാലക്കാടിനെ പഠിപ്പിക്കുന്നത്

elephant-pkd
SHARE

വനമേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ കാട്ടാനകളുടെ വരവും പോക്കും സാധാരണമാണെങ്കിലും ജനവാസമേഖലയിലൂടെയുളള കാട്ടാനകളുടെ ദീര്‍ഘസഞ്ചാരമാണ് ചിന്തിപ്പിക്കുന്നത്. പാലക്കാട്ട് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ നാലു പ്രാവശ്യം കാട്ടാനകള്‍ അറുപത് കിലോമീറ്റര്‍ അകലേക്കു വരെ യാത്ര ചെയ്തു. ദേശീയപാതയും റയില്‍വെ ട്രാക്കും തോടുകളും ഭാരതപ്പുഴയുമൊക്കെ മറികടന്നുളള യാത്രയ്ക്ക് ഒന്നിേലറെ കൊമ്പന്മാരാണ് എപ്പോഴുമുണ്ടാവുക. വേനല്‍കടുത്താല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് സ്വാഭാവികമാണെങ്കിലും ഇപ്പോള്‍ നല്ല മഴക്കാലത്തും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതെന്തുകൊണ്ട് ?.

സ്ഥിരമായൊരു ആനത്താര സൃഷ്ടിച്ച് ആറു മാസത്തിലൊരിക്കലെങ്കിലും നാടുചുറ്റുന്ന കാട്ടാനകള്‍ എല്ലാവര്‍ക്കും നല്ല കാഴ്ചയാണ്. വാളയാര്‍ , മുണ്ടൂര്‍ കടന്ന് അട്ടപ്പാടി വരെ കിടക്കുന്ന വനമേഖലയില്‍ കാട്ടാനകളേറെയുണ്ട്. ഇതില്‍ വാളയാറിനും മുണ്ടൂരിനും മധ്യേയാണ് പ്രശ്നക്കാരായ സ്ഥിരം ആനകളുളളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിവിധങ്ങളായ സാഹചര്യത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറുപേരാണ്. മരിച്ചവരുടെ കുടുംബത്തിന് മാത്രം ലഭിക്കുന്നതാണ് സര്‍ക്കാരിന്റെ നഷ്ടപരിഹാരം. അതില്‍തന്നെയും പലര്‍ക്കും പല തുകകളാണ് ലഭിച്ചത്. പ്രതിഷേധങ്ങളുടെ ഒച്ച കൂട്ടിയവര്‍ക്ക് കൂടുതല്‍ അനുവദിക്കുന്ന സാഹചര്യമുണ്ടോയെന്നും സംശയിക്കണം. എന്നിരുന്നാലും എന്തുകൊണ്ടാണ് കാട്ടാനകള്‍ പതിവായി നാട്ടിലിറങ്ങുന്നതെന്ന് പഠിക്കാന്‍ ആരും മിനക്കെടുന്നില്ല.

elephant-pkd-1

തമിഴ്നാട് വനമേഖലയിലെ അശാസ്ത്രീയ ഖനന പ്രവൃത്തികള്‍ കാട്ടാനകളുടെ ജീവിതാവസ്ഥയെ കാര്യമായി ബാധിച്ചു. പശ്ചിമഘട്ടത്തിന്റെ വിടവായി കേരളത്തിനെ അടയാളപ്പെടുത്തുന്നത് വാളയാറിലാണ്. വാളയാറും വാളയാറിനോട് ചേര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ മധുക്കരയുമാണ് പ്രധാന ആന ഇടനാഴി. ഇവിടെ കാട്ടാനശല്യം രൂക്ഷമായപ്പോള്‍ േവലി കെട്ടി ആനത്താര അടച്ചു. ഇതോടെ കാട്ടാനകള്‍ മറുവഴി തേടി തുറന്ന നാട്ടിലേക്ക് സഞ്ചാരം തുടങ്ങി. സഞ്ചാരവഴിയില്‍ തടസങ്ങളില്ലാതെ കിടക്കുന്ന പ്രദേശങ്ങളാണിപ്പോള്‍ മുണ്ടൂരും ധോണിയും കല്ലടിക്കോടന്‍ മലയുമൊക്കെ. ഒരു രാത്രിയില്‍ കുറഞ്ഞത് മുപ്പതു കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന കാട്ടാനകള്‍ ഉള്‍വനത്തിലേക്ക് നീങ്ങുന്നത് കുറഞ്ഞു. പച്ചപ്പുകളാല്‍ സമ്പുഷ്ടമായ തീറ്റയും വെളളവും നാട്ടിന്‍പുറത്ത് യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ കാടിനു പുറത്തേക്കാണ് കാട്ടാനകളുടെ നിരന്തരം യാത്ര. നാട്ടിന്‍പുറത്തെ ചെറിയ വനംതുരുത്തുകളും ഇഷ്ടകേന്ദ്രങ്ങളായി. നൂറു കിലോമീറ്റര്‍ അകലെയുളള ആവാസകേന്ദ്രം ഉള്‍ക്കണ്ണുകളാല്‍ കണ്ട് കാട്ടാനകള്‍ സഞ്ചരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  അതുകൊണ്ടാണ് വാളയാറില്‍ നിന്ന കാട്ടാനകള്‍ മൂണ്ടൂര്‍ വഴി പാലക്കാട് തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ തിരുവില്വാമല വരെ പോയതിന്റെ ശാസ്ത്രീയത. സഞ്ചാരപാത സ്ഥിരമാക്കിയ കാട്ടാനകള്‍ എത്രനാളു കഴിഞ്ഞാലും വഴി മറക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരേ വഴിയിലൂടെയുളള സഞ്ചാരമാണ് മറ്റൊന്ന്. എവിടെ നിന്നിറങ്ങിയോ അവിടേക്ക് തന്നെ തിരികെ കയറിപ്പോകുന്ന രീതിയാണ് കാട്ടാനകളുടേത്. 

ചുരുളിക്കൊമ്പനെന്ന തലപ്പൊക്കമുളള ആനയാണ് കാട്ടിലെ പ്രധാനി. ഒരു കൊമ്പ് മുകളിലും ഒരു കൊമ്പ് താഴേയ്ക്കും വളഞ്ഞുനിൽക്കുന്നവനായതിനാല്‍ ചുരുളിക്കൊമ്പന്‍ എന്നാണ് വിളിക്കുന്നത്. മറ്റ് ആനകളെ കൂട്ടത്തിലാക്കി സഞ്ചരിക്കുകയും ചിലപ്പോള്‍ അപകടകാരിയുമാണ് ചുരുളിക്കൊമ്പന്‍. കഴിഞ്ഞദിവസം മുണ്ടൂര്‍ വാളേക്കോട് സ്വദേശി പ്രഭാകരനെ കൊലപ്പെടുത്തിയതും ചുരുളിക്കൊമ്പനാണെന്ന് സംശയിക്കുന്നു. അതിനാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് കൊമ്പനെ വരുതിയിലാക്കാനാണ് ഇനി വനംഉദ്യോഗസ്ഥരുടെ ഉദ്ദേശം. അപൂർവമായ കാട്ടാനകളുടെ ദീര്‍ഘയാത്ര വനംവകുപ്പിനും പഠനവിഷയമാണ്. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെ എട്ടു മുതൽ പത്തുവരെ കൊമ്പൻമാർ മാത്രമുള്ള സംഘമുണ്ടെന്നാണ് കണക്ക്. 

2017 ഒാഗസ്റ്റ് മൂന്നിന് മലമ്പുഴ ധോണി വനമേഖലയിൽ നിന്ന് മുണ്ടൂർ വഴി ദേശീയപാത മുറിച്ചുകടന്ന് നരിക്കോട് മേഖലയിൽ എത്തിയ മൂന്നു കാട്ടാനകള്‍ ഒന്‍പതു ദിവസമാണ് നാടു ചുറ്റിയത്. പാലക്കാട് ഒറ്റപ്പാലം സംസ്ഥാനപാതയിലെ മാങ്കുറുശി, മുണ്ടൂര്‍ അയ്യര്‍മല, തലപ്പൊറ്റ, പെരിങ്ങോട്ടുകുറുശി, തൃശൂര്‍ അതിര്‍ത്തിയിലെ തിരുവില്വാമല, കുത്താമ്പുളളി, മങ്കര, ഇൗ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഒാഗസ്റ്റ് പതിെനാന്നിനാണ് തിരിച്ച് മുണ്ടൂര്‍ വനത്തിലേക്ക് പോയത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും ഒരേ ആനകള്‍ തന്നെയാണ് ഒരേ വഴിയിലൂടെ സഞ്ചരിച്ചതെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. കാടിറങ്ങുന്നവരെ തിരികെ കാട്ടിലെത്തിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. അതിന് ചില സ്പെഷലിസ്റ്റുകള്‍ തന്നെയുണ്ട്. കാടിനെയും കാട്ടാനകളെയും അടുത്തറിയുന്ന അട്ടപ്പാടിയിലെയും വയനാട്ടിലെയും വിദഗ്ധര്‍. കാട്ടാനകള്‍ക്ക് പിന്നാലെ പടക്കമെറിഞ്ഞ് പന്തംകൊളുത്തി രാത്രിയും പകലുമില്ലാതെ സഞ്ചരിക്കുന്നതില്‍ മികവുളളവര്‍. അപകടകരമായ സാഹചര്യങ്ങളെ അതിജീവിച്ച് കിലോമീറ്ററുകളോളം ആനയ്്ക്ക് പിന്നാെലയുളള യാത്ര സാഹസീകമാണ്. മനുഷ്യന്‍ കാട്ടുന്ന വഴിയിലൂടെ കാട്ടാനകള്‍ പോയില്ലെങ്കിലും കാട് കയറാന്‍ ആവശ്യപ്പെടുന്ന മനുഷ്യരോടുളള അനുസരണയാണ് കാട്ടാനകള്‍ പ്രകടിപ്പിക്കുന്നത്. കാട്ടാനകളെ മയക്കുവെടിവച്ച് മാറ്റാനോ, കുങ്കിയാനകളെ എത്തിച്ച് പിടികൂടാനോ ചില സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. ഒന്നിലധികം കാട്ടാനകളെ പിടികൂടാന്‍ ഒരിക്കലും കുങ്കിയാനകള്‍ പ്രായോഗീകമല്ല. ഒരു കാട്ടാനയെ കാടു കയറ്റാന്‍ മൂന്നു കുങ്കിയാനകളെങ്കിലും വേണം. എന്നാല്‍ േകരളത്തില്‍ വനംവകുപ്പിന് കുങ്കിയാനകള്‍ ഇല്ലെന്ന വസ്തുതയാണ് ഏറെ ഗൗരവകരം. നാളിതുവരെ കേരളത്തിന് സ്വന്തമായി കുങ്കിയാനകളെ പരിശീലിപ്പിക്കാന്‍ പോലും കഴിയാതിരുന്നത് വനംവകുപ്പിന്റെ വീഴ്ചയ്ക്ക് ഉദാഹരണമാണ്. തമിഴ്നാട് മുതുമല കടുവ സങ്കേതത്തിലെ വാസീം , ബൊമ്മൻ എന്നീ താപ്പാനകളാണ് എപ്പോഴും ദൗത്യത്തിനായി കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിലെ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നത് ചെലവേറിയ കാര്യമാണ്. മാത്രമല്ല കേരളം ആവശ്യപ്പെടുമ്പോള്‍ എപ്പോഴും കുങ്കിയാനകളെ അനുവദിക്കാന്‍ തമിഴ്നാട് വനംവകുപ്പും അടുത്തിടെ തയ്യാറാകുന്നില്ല. 

നാട്ടിലിറങ്ങുന്ന കാട്ടാനകളെ മയക്കുവെടി വച്ചുകൂടേയെന്നാണ് ചിലരുടെ ചോദ്യം. അങ്ങനെ ചിന്തിക്കാമെങ്കിലും റിസ്െകടുക്കാന്‍ ഒരു വനം ഉദ്യോഗസ്ഥനും തയ്യാറാകില്ല. അടുത്തിടെ അട്ടപ്പാടിയിൽ ശല്യക്കാരനായ പീലാണ്ടിയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പെരുമ്പാവൂര്‍ കോടനാട്ടേക്ക് എത്തിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് െചന്നൈയിലെ പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ പോയതോടെ അന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ വനംഉദ്യോഗസ്ഥർ ഇന്ന് കോടതി കയറേണ്ടുന്ന അവസ്ഥയായി. ഏതെങ്കിലും ഘട്ടത്തില്‍ മയക്കുവെടിയേറ്റ് കാട്ടാനയ്ക്ക് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകും. പരിഹാരനിര്‍ദേശങ്ങള്‍ നിരവധിയുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുന്നതിലാണ് വീഴ്ച. പ്രധാനമായും വനാതിര്‍ത്തിയോട് ചേര്‍ന്നുളളയിടങ്ങളില്‍ വനപാലകരും ജനങ്ങളും തമ്മിലുളള ബന്ധമില്ലാത്തത് വെല്ലുവിളിയാണ്. കര്‍ഷകര്‍ക്ക് നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ജനങ്ങളെ എപ്പോഴും എതിരാക്കുന്ന ചില സമീപനങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് ആശ്വാസ്യമല്ല.ജനങ്ങളെ വിശ്വാസത്തിലെടുക്കാവുന്ന വനംഉദ്യോഗസ്ഥരുണ്ടാകണം. വന്യമൃഗശല്യം തടയാന്‍ മറ്റ് നാടുകളില്‍ നടപ്പാക്കിയ വിജയകരമായ മറ്റ് ശാസ്ത്രീയമാര്‍ഗങ്ങള്‍ ഇവിടെയും പരീക്ഷിക്കാം. വനത്തിലുളളില്‍ കാട്ടാനകളുടെ ആവാസവ്യവസ്ഥ ഇല്ലാതായെങ്കില്‍ പരിഹാരമുണ്ടാക്കണം. കോടികള്‍ മുടക്കി വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി കെട്ടിയെന്ന് അവകാശപ്പെടുന്നതിനപ്പുറം പ്രായോഗീകമായ പരിഹാരമാണ് േവണ്ടത്. കൊടുംവനത്തിനുളളിലേക്ക് വെളളവും തീറ്റയുമെ‌ാക്കെ ലഭിക്കുന്നയിടം സൃഷ്ടിക്കുക തന്നെയാണ് പ്രധാനം.

MORE IN KERALA
SHOW MORE