എ.ഡി.ജി.പിയുടെ വാഹനവും മകളുടെ മൊബൈലും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

police-driver
SHARE

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ വാഹനവും മകളുടെ മൊബൈല്‍ ഫോണും ക്രൈംബ്രാഞ്ച്  സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും മൊഴിയെടുത്ത ശേഷവും പരാതിയിലെയും ആശുപത്രി രേഖകളിലെയും പൊരുത്തക്കേടുകളില്‍ വിശദീകരണം നല്‍കാതിരുന്നതോടെയാണ് തീരുമാനം. കേസില്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും നിയമപോരാട്ടം തുടരുമെന്നും ആശുപത്രി ചികിത്സ പൂര്‍ത്തിയാക്കിയ ഡ്രൈവര്‍ ഗവാസ്കര്‍ പറഞ്ഞു.

എ.ഡി.ജി.പി സുദേഷ് കുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊഴി ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഗവാസ്കറോടിച്ച ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലില്‍ കയറിയാണ് പരുക്കേറ്റതെന്ന മൊഴിയാണ് മകള്‍ ക്രൈംബ്രാഞ്ചിന് നല്‍കിയത്. എന്നാല്‍ ഓട്ടോയിടിച്ചാണ് പരുക്കേറ്റതെന്ന് ആശുപത്രിയില്‍ പറഞ്ഞത് എന്തിനാണെന്ന് കൃത്യമായി മറുപടി നല്‍കിയിട്ടുമില്ല. വ്യാജപരാതിയെന്ന സംശയം ശക്തിപ്പെട്ടതോടെയാണ് കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. വാഹനം ഇടിച്ചിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് സുദേഷ്കുമാറിന്റെ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തത്. മൊബൈലുകൊണ്ട് ഇടിച്ചെന്ന പരാതിയുള്ളതിനാല്‍ മകളുടെ മൊബൈലും പിടിച്ചെടുത്തു. അതേസമയം ഗവാസ്കറിന്റെ മോശം പെരുമാറ്റത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നെന്നും അതിലെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും സുദേഷ്കുമാറും മൊഴി നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട ഗവാസ്കര്‍ പറഞ്ഞു.

MORE IN KERALA
SHOW MORE