ജെറോം നെപ്പോളിയനായി വേഷംമാറി; ഖത്തര്‍ മ്യൂസിയത്തിന്‍റെ 5 കോടി തട്ടിയത് ഇങ്ങനെ

sunil-menon-qatar-musuem
SHARE

കൊടുങ്ങല്ലൂരില്‍ ഇരുന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ അഞ്ചേകാല്‍ കോടി അടിച്ചു മാറ്റിയ വിരുതന്‍റെ തട്ടിപ്പ് കേട്ട് ഞെട്ടാത്തവര്‍ ആരുമില്ല. കൊടുങ്ങല്ലൂര്‍ക്കാരന്‍ സുനില്‍ മേനോന്‍. ആരുടെ പേരില്‍ വേണമെങ്കിലും ഇമെയില്‍ അയയ്ക്കാവുന്ന ആപ്പിന്റെ കൂട്ടുപിടിച്ചു അതിസമര്‍ഥമായി പണം അടിച്ചുമാറ്റിയ സുനില്‍ മേനോന്‍. ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ പലവിധ നമ്പറുകളും പയറ്റി. 

ആദ്യം ഖത്തര്‍ മ്യൂസിയം ഉദ്യോഗസ്ഥര്‍ക്ക് മെയില്‍ അയച്ചു. എന്നിട്ട് പറഞ്ഞു. ‘ഖത്തറിന് ഉപരോധം നിലനില്‍ക്കുന്ന സമയമാണ്. ഖത്തര്‍ രാജാവിന്റെ ഛായാ ചിത്രങ്ങള്‍ നമ്മുക്ക് ലോകപ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിക്കാം. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിലെ ചിത്രകാരന്‍മാരെ ഏകോപിപ്പിക്കാം. ഖത്തര്‍ രാജാവിന്റെ ചിത്രങ്ങളുടെ സാംപിള്‍ ഇതാ..’ ഇമെയില്‍ സന്ദേശം കിട്ടിയപ്പോള്‍ ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥര്‍ താല്‍പര്യം കാട്ടിയില്ല. ഇന്റര്‍നെറ്റില്‍ നിന്ന് ഖത്തര്‍ രാജാവിന്റെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പിന്റെ സഹായത്തോടെ എണ്ണഛായാ ചിത്രമാക്കിയാണ് അയച്ചുകൊടുത്തത്. സുനില്‍ മേനോന്‍റെ ആദ്യ തട്ടിപ്പുമെയിലില്‍ ഇവര്‍ കുടുങ്ങിയില്ല. 

ഇതു പാളിയെന്നു മനസിലായപ്പോഴാണ് ഖത്തര്‍ രാജാവിന്റെ ഇമെയില്‍ അഡ്രസില്‍ നിന്ന് മ്യൂസിയം ഉദ്യോഗസ്ഥരുടെ വിലാസത്തിലേക്ക് മെയില്‍ അയയ്ക്കുന്നത്. ‘ചിത്രം വരപ്പിക്കാന്‍ ആഗ്രഹമുണ്ട്. അമേരിക്കന്‍ കമ്പനി തന്നെ സമീപിച്ചിരുന്നു. അവരുടെ പ്രതിനിധി ജെറോം നെപ്പോളിയനുമായി സംസാരിച്ചു. വേണ്ടതെല്ലാം ചെയ്യുമല്ലോ?’. ഖത്തര്‍ രാജാവിന്റേതായി വന്ന ഇമെയില്‍ സന്ദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതുമില്ല. കാരണം, ഇക്കാര്യം നേരത്തെതന്നെ അമേരിക്കന്‍ കമ്പനി ഉടമ ജെറോം നെപ്പോളിയന്‍ ഇ മെയില്‍ മുഖേന സംസാരിച്ചിരുന്നല്ലോ?. 

പത്തു കോടി നാല്‍പതു ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ പകുതി തുകയായ അഞ്ചു കോടി 20 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാനുള്ള അനുമതി സന്ദേശം ഖത്തര്‍ രാജാവിന്റെ ഇ മെയിലില്‍ നിന്ന് മ്യൂസിയം ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. ഇതു സുനില്‍മേനോന്‍ കൊടുങ്ങല്ലൂരില്‍ ഇരുന്ന് അയയ്ക്കുന്ന സന്ദേശമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞുമില്ല. ജെറോം നെപ്പോളിയന്‍ സാങ്കല്‍പിക കഥാപാത്രമാണ്. സുനില്‍ മേനോന്റെ മനസില്‍ വന്ന ഒരു ഇംഗ്ലിഷുകാരന്റെ പേര്. മ്യൂസിയം ഉദ്യോഗസ്ഥരെ, പരിഹസിച്ചിട്ട് കാര്യമില്ല. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകില്ല. അത്രയും മികവോടെയാണ് ആശയവിനിമയം. 

പ്രത്യേക ആപ്പില്‍ ഫ്രം അഡ്രസും ടു അഡ്രസും ടൈപ് ചെയ്യാന്‍ ഓപ്ഷനുണ്ട്. ആരുടെ പേരിലാണോ അയയ്ക്കേണ്ടതെങ്കില്‍ ആ ഇ മെയില്‍ ഫ്രം അഡ്രസില്‍ എഴുതിയാല്‍ മതി. ആ പേരില്‍തന്നെ വിലാസക്കാരന് കിട്ടും. ഈ കുബുദ്ധിയാണ് സുനില്‍ മേനോന്‍ പ്രയോഗിച്ചത്. പണം അയച്ച് നാളേറെ കഴിഞ്ഞിട്ടും മറുപടിയില്ല.  ഖത്തര്‍ രാജാവുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്ന് മ്യൂസിയം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പിന്നെ, അവസാനമൊരു സന്ദേശം കൂടി ജെറോം നെപ്പോളിയന് അയച്ചു. ‘ഉടനെ‍ പണം തിരിച്ചുനല്‍കുക. ഞങ്ങള്‍ പൊലീസിനെ സമീപിക്കുകയാണ്. നിങ്ങളുടെ അക്കൗണ്ട് ഞങ്ങള്‍ കണ്ടുപിടിക്കും’ ഈ സന്ദേശം ലഭിച്ച ഉടനെ സുനില്‍ മേനോന്‍ തിരിച്ചെഴുതി: ‘ജെറോം നെപ്പോളിയന്റെ സഹായിയാണ് ഞാന്‍. അദ്ദേഹം ഗുരുതരമായ കാന്‍സര്‍ രോഗം ബാധിച്ചു കിടപ്പിലാണ്. ലക്ഷങ്ങളാണ് ചികില്‍സയ്ക്കു ചെലവഴിച്ചത്. സാവകാശം വേണം’’

ഇതു കണ്ട ഉടനെ മ്യൂസിയം ഉദ്യോഗസ്ഥര്‍ക്കു മനസിലായി തട്ടിപ്പാണെന്ന്. ഐ.ടി വിദഗ്ധരുടെ സഹായം തേടി. അവര്‍ കണ്ടെത്തി. അക്കൗണ്ട് ഉടമ കൊടുങ്ങല്ലൂര്‍ക്കാരന്‍ സുനില്‍ മേനോന്‍ ആണെന്ന്. ഖത്തറില്‍ നിരവധി മലയാളി ഉദ്യോഗസ്ഥരുണ്ടല്ലോ?.. അവരെ നേരെ കേരളത്തിലേക്ക് വിട്ടു പൊലീസിനെ സമീപിക്കാന്‍. സമ്പന്നരായ ഖത്തര്‍ അഞ്ചേക്കാല്‍ കോടി രൂപയ്ക്കു വേണ്ടി ഒരിക്കലും പിന്നാലെ കൂടില്ലെന്ന അമിത ആത്മവിശ്വാസം എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചു. പിടിക്കപ്പെടുമെന്ന് കരുതാത്തതിനാല്‍ തട്ടിയെടുത്ത അഞ്ചേക്കാല്‍ കോടിയില്‍ നാലരക്കോടിയും സ്ഥിരനിക്ഷേപമായി ബാങ്കില്‍തന്നെ സൂക്ഷിച്ചു. ഇതു കയ്യോടെ പൊലീസ് മരവിപ്പിച്ചു. 

ഭാര്യ വീടിന്റെ മച്ചിന്‍പുറത്ത് ദീര്‍ഘ നേരം ലാപ്ടോപ്പില്‍ കണ്ണുംനട്ടിരുന്ന സുനില്‍ മേനോന്‍ കാര്യമായി എന്തോ പണി ചെയ്യുകയാണെന്ന് വീട്ടുകാര്‍ വിചാരിച്ചു. ഭര്‍ത്താവ് തട്ടിന്‍പുറത്തിരുന്ന് തട്ടിയെടുത്തത് നിസാര സംഖ്യയല്ല. അഞ്ചേക്കാല്‍ കോടി രൂപ. ഓഡിറ്ററായി ഖത്തറില്‍ നല്ല ജോലി ചെയ്തിരുന്ന സുനില്‍ മേനോന്‍ അതെല്ലാം മതിയാക്കി നാടുപിടിച്ചു. തൊട്ട ബിസിനസെല്ലാം പിഴച്ചു. പിന്നെയാണ്, ഖത്തര്‍ രാജാവിന്റെ പേരും പറഞ്ഞൊരു തട്ടിപ്പിന് ഇറങ്ങിതിരിച്ചത്. അതും പൊളിഞ്ഞു. ഇപ്പോള്‍ ജയിലിലുമായി.

പൊലീസ് അടക്കം പറഞ്ഞത്: സുനില്‍ മേനോന്‍ ആദ്യമായി ചെയ്യുന്ന സാമ്പത്തിക കുറ്റമായിരുന്നു. ചില അബദ്ധങ്ങള്‍ പറ്റിയത് തുണയായി. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാതെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഏതെങ്കിലും കൂലിപ്പണിക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നെങ്കില്‍ പണി പാളിയേനെ. അന്വേഷണം ജാര്‍ഖണ്ഡില്‍ തുടരും. ആളെ‌യൊട്ട് കിട്ടുകയുമില്ല. സുനില്‍ േമനോന്‍ വീണ്ടും കര്‍ട്ടന് പിന്നില്‍ അടുത്ത തട്ടിപ്പ് ആശയവുമായി പണി തുടങ്ങിയേനേ. 

കൊടുങ്ങല്ലൂരില്‍ ഇരുന്ന് ഖത്തര്‍ മ്യൂസിയത്തിൽ നിന്ന് മലയാളി തട്ടിയത് 5.20 കോടി !

MORE IN KERALA
SHOW MORE